
ന്യൂഡല്‍ഹി : ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര് ബാലശങ്കറിന് നിയമസഭാതെരഞ്ഞെടുപ്പില്‍ സീറ്റ് നല്കേണ്ടെന്നത് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമായിരുന്നെന്ന് കേന്ദ മന്ത്രി പ്രഹ്ലാദ് ജോഷി.
കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയില്ലാതെ സംസ്ഥാന നേതൃത്വത്തിന് ആരെയും ഒഴിവാക്കാനാകില്ല. സീറ്റ് ആവശ്യപ്പെട്ട് ബാലശങ്കര്‍ സമീപിച്ചിരുന്നതായി വെളിപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
കെ സുരേന്ദ്രന് മത്സരിക്കുന്ന കോന്നി മണ്ഡലത്തിലടക്കം ബി.ജെ.പി-സി.പി.എം ധാരണയുണ്ടെന്ന ബാലശങ്കറിന്റെ പ്രസ്താവനകള്‍ തള്ളിയ പ്രഹ്ലാദ് ജോഷി ബി.ജെ.പി ആരുമായും ധാരണയുണ്ടാക്കിയിട്ടില്ലെന്നും പ്രതികരിച്ചു. എന്നാല്‍ ബാലശങ്കറിന്റെ പ്രസ്താവനകള്‍ പാർട്ടിക്ക് തിരിച്ചടിയായെന്നും ആവശ്യം നിഷേധിച്ചതിന്റെ പേരില്‍ ബി.ജെ’പിക്കെതിരെ അത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കരുതായിരുന്നെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
ബി.ജെ.പിക്ക് ജയസാധ്യത ഏറെയുളള സീറ്റായതിനാലാണ് കഴക്കൂട്ടത്ത് പല സാധ്യതകള്‍ പരിഗണിക്കേണ്ടി വന്നത്. ശോഭ സുരേന്ദ്രന് സീറ്റ് നല്‍കരുതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് ആവശ്യപ്പെട്ടിട്ടില്ല.
മുരളീധരന് മല്സരിക്കേണ്ടതില്ലെന്നെന്നതും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കെ സുരേന്ദ്രന് ഹെലികോപ്ടറില്‍ സഞ്ചരിക്കുന്നത്. അത് വിവാദമാക്കുന്നത് ഇരുമുന്നണികള്‍ക്കും നിരാശ ബാധിച്ചതിനാലാണ്. നേതാവെന്ന നിലയില്‍ ഉയര്‍ത്തികാണിക്കാനാണ് സുരേന്ദ്രന് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂര്‍ സീറ്റില്‍ സാധ്യതാപട്ടികയിലുണ്ടായിരുന്ന ആര്.ബാലശങ്കര്‍ അന്തിമ പട്ടികയില്‍ നിന്ന് ഒഴിവായതോടെ കടുത്ത വിമര്‍ശനമായിരുന്നു ബി.ജെ.പി സംസ്ഥാനനേതൃത്വത്തിനെതിരെ ഉയര്‍ത്തിയത്. മറ്റാരെക്കാളും പ്രവര്‍ത്തന പരിചയവും മത്സരിക്കാനുള്ള അര്‍ഹതയും തനിക്കുണ്ടെന്ന് പറഞ്ഞ ബാലശങ്കര്‍ സംസ്ഥാന നേതൃത്വം തന്നെ അപമാനിച്ചെന്നും ആരോപണമുന്നയിച്ചിരുന്നു.
സീറ്റ് കിട്ടാത്തതിന്റെ അതൃപ്തിയാണെന്ന് പ്രതികരണത്തിന് പിന്നില്‍ എന്ന ബി.ജെ.പി നേതാക്കളുടെ ആരോപണം തള്ളിയ ബാലശങ്കര്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാത്തതിനെയാണ് താന്‍ ചോദ്യം ചെയ്തതെന്നും പ്രതികരിച്ചിരുന്നു.