KeralaNEWS

താൻ വിവാഹ മോചനം നേടിയെന്നത് വ്യാജ പ്രചാരണം; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് പി കെ ജയലക്ഷ്മി

മാനന്തവാടി: ഇടതു സൈബർ പ്രവർത്തകർ തന്നെ പിന്നാലെ നടന്ന് ആക്രമിക്കുകയാണെന്ന് മാനന്തവാടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി . കെ ജയലക്ഷ്മി.
അപകീർത്തിപ്പെടുത്താൻ നിരന്തരം ശ്രമിക്കുകയാണ്. കുടുംബ ബന്ധം തകർന്നു വിവാഹ മോചനം നേടി എന്നൊക്കെയാണ് കുപ്രചരണങ്ങൾ.
സൈബർ ആക്രമണങ്ങളിൽ വശംകെട്ട ജയലക്ഷ്മി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.
പരാജയ ഭീതി മൂലമാണ് തനിക്ക് എതിരെ കുപ്രചാരണം നടത്തുന്നതെന്നു ജയലക്ഷ്മി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഭർത്താവ് അനിലിനും കുഞ്ഞിനും ഒപ്പമാണ് വാർത്താസമ്മേളനത്തിന് അവരെത്തിയത്. ഒരു സ്ത്രീയെന്ന പരിഗണനപോലും തനിക്ക് നൽകിയില്ലെന്നു പറഞ്ഞ് ജയലക്ഷ്മി വാർത്ത സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു.
എം.എ‍ൽ.എ.എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളെ കുറിച്ച് പറയാനില്ലാത്തതിനാലാണ് വ്യക്തിഹത്യയുമായി ഇറങ്ങിയിരിക്കുന്നത്. പട്ടികവർഗ്ഗ സ്ത്രീയാണെന്ന പരിഗണന നൽകാതെയാണ് ഭർത്താവുമായുള്ള ബന്ധം വേർപിരിഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതെന്നു ജയലക്ഷ്മി കുറ്റപ്പെടുത്തി.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തൊണ്ടാർ പദ്ധതി നടപ്പാക്കില്ല. ബഫർ സോൺ വിഷയത്തിൽ എം.എ‍ൽ.എ തികഞ്ഞ മൗനം പുലർത്തുന്നു. എംഎ‍ൽഎയുടെ പഞ്ചായത്തിലാണ് ഏറ്റവും അധികം ബഫർ സോണുകളുള്ളത്. യു.ഡി.എഫ്. വന്നാൽ ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ജില്ല ആശുപത്രിയെ മെഡിക്കൽ കോളേജാക്കിയതിനെ എതിർക്കുന്നില്ല .പക്ഷേ അഞ്ച് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച ബഹുനില കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തിയാക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.
താൻ ഒരു കോൺഗ്രസുകാരനാണെന്ന് ജയലക്ഷ്മിയുടെ ഭർത്താവ് അനിലും വ്യക്തമാക്കി. ഭാര്യയുടെ വിജയത്തിനായി പ്രവർത്തിക്കുകയാണ്. പതിനഞ്ച് വർഷമായി ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കുന്നില്ല. ജയല്ക്ഷ്മി പഞ്ചായത്ത് മെമ്പറായിരിക്കുമ്പോഴാണ് വിവാഹ നിശ്ചയം. മന്ത്രിയായിരുന്നപ്പോഴാണ് വിവാഹവും നടന്നത്. തന്റെ കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നതിൽ നിന്ന് പിന്മാറണമെന്നും രാഷ്ട്രീയമായി നേരിടാൻ എതിരാളികൾ തയ്യാറാകണമെന്നും അനിൽ പറഞ്ഞു.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാണ് ജയലക്ഷ്മിയെ തളർത്തിത്. ഏഷ്യാനെറ്റ് ന്യൂസ് തനിക്കെതിരെ മാധ്യമ വേട്ട നടത്തുകയാണെന്നും അഴിമതി ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ജയലക്ഷ്മി പറഞ്ഞു.
വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്ന ചാനലിൽ വാർത്തക്കെതിരെ ജയലക്ഷ്മി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ഇതേസമയം, വിവിധ പദ്ധതികളിലെ അഴിമതി ആരോപിച്ച് മറ്റൊരു വ്യക്തിയും വിജിലൻസിൽ പരാതി നൽകിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയിരിക്കെ പ്രസ്തുത കേസുകൾ അന്വേഷിക്കുന്നതിന് ജില്ലയിൽ നേരിട്ടെത്തുകയും ചെയ്തു. എന്നാൽ ക്രമക്കേടുകൾ കണ്ടെത്താനാകാതെ വിജിലൻസിന് സമയനഷ്ടം വരുത്തുന്നതിനാൽ കേസ് അവസാനിപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker