LIFEMovie

നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഈ വര്‍ഷം പുറത്തിറക്കുന്ന സിനിമകളുടെയും, സീരീസിന്റെയും പ്രഖ്യാപനം ‘അബ് മെനു മേ സബ് ഹെ’ എന്ന കാംപെയിനിലൂടെ നടന്നു

ബോളിവുഡ് സിനിമകള്‍ക്കും, സീരീസിനും പുറമെ ഇത്തവണ തെന്നിന്ത്യന്‍ സിനിമകളും നെറ്റ്ഫ്‌ലിക്‌സില്‍ പ്രേക്ഷകര്‍ക്കായി എത്തുന്നുണ്ട്. കൂടാതെ ഫീല്‍സ് ലൈക്ക് ഇഷ്‌ക് എന്ന ആന്തോളജി ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം നീരജ് മാധവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്റര്‍വ്യൂ എന്ന തന്റെ സിനിമയുടെ വിശേഷങ്ങള്‍ പങ്കു വയ്ക്കുകയാണ് നീരജ് മാധവ്.
‘ഫാമിലി മാന്‍ ‘ എന്ന ആമസോണ്‍ സീരീസിന് ശേഷം നീരജ് ചെയ്യുന്ന ഹിന്ദി സിനിമയാണ് ‘ഫീല്‍സ് ലൈക്ക് ഇഷ്‌ക്’.

“എനിക്ക് വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമാണ്. ഒരു മേഖലയില്‍ മാത്രം ഒതുങ്ങേണ്ട ആളാണ് കലാകാരാന്മാർ എന്ന ചിന്തകളുടെ കാലഘട്ടമൊക്കെ മാറിയിരിക്കുന്നു…” നീരജ് പറയുന്നു. “ഡിസംബറിലാണ് ഫീല്‍സ് ലൈക്ക് ഇഷ്‌കിൻ്റെ ചിത്രീകരണം നടന്നത്. ഏഴ് സംവിധായകരാണ് ‘ഫീല്‍സ് ലൈക്ക് ഇഷ്‌ക്ക്’ എന്ന ആന്തോളജി സംവിധാനം ചെയ്തിരിക്കുന്നത്. എന്റെ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിന്‍ കുന്ദല്‍ക്കറാണ്.

അയ്യ, കൊബാള്‍ട്ട് ബ്ലൂ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. ഫീല്‍സ് ലൈക്ക് ഇഷ്‌ക് പ്രേമത്തെ പറ്റി സംസാരിക്കുന്ന ആന്തോളജിയാണ്. അതില്‍ എന്റെ സിനിമയുടെ പേര് ‘ഇന്റര്‍വ്യൂ’ എന്നാണ്. മുംബൈയായിരുന്നു ലൊക്കേഷന്‍. വളരെ സമാധാന പ്രിയനായ ഒരു കഥാപാത്രമാണ് ‘ഇന്റര്‍വ്യൂ’വിലേത്. പിന്നെ മുംബൈയില്‍ താമസിക്കുന്ന മലയാളി പശ്ചാത്തലമുള്ള കഥാപാത്രമാണത്.

സച്ചിന്‍ കുന്ദല്‍ക്കറിന് എന്നെ വെച്ച് സിനിമ ചെയ്യണമെന്ന് ഉണ്ടായിരുന്നു. ഫാമിലി മാനിലെ അഭിനയം അദ്ദേഹത്തിന് ഇഷ്ടമായി. പിന്നെ കൊബാള്‍ട്ട് ബ്ലൂവില്‍ ഒരു വേഷം ചെയ്യാന്‍ എന്നെ വിളിക്കുകയുണ്ടായി. പക്ഷെ ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ സാധിച്ചില്ല. കൊബാള്‍ട്ട് ബ്ലൂവിന്റെ ചിത്രീകരണത്തിനായി അദ്ദേഹം കൊച്ചിയില്‍ ഉള്ള സമയത്താണ് ഇങ്ങനെയൊരു സിനിമയെ പറ്റി പറയുന്നത്. കൊബാള്‍ട്ട് ബ്ലൂവിന്റെ സെറ്റില്‍ വെച്ച് കാണുകയും, കഥ പറയുകയും ചെയ്തു. പിന്നെ സ്‌ക്രിപ്റ്റ് അയച്ചു തന്നു. അത് വായിച്ചപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞാന്‍ ഓക്കെ പറയുന്നത്.

ഏത് തരം സിനിമകള്‍ ചെയ്യാനും ഞാൻ തയ്യാറാണ്. ഒരു കലാകാരന്‍ എന്ന് പറയുമ്പോള്‍ അയാള്‍ ഒരു സിനിമ മേഖലയില്‍ മാത്രം ഒതുങ്ങിക്കൂടണം എന്ന് ചിന്തിക്കേണ്ട കാലഘട്ടമൊക്കെ മാറി. ഇപ്പോള്‍ ഒ.ടി.ടിയുടെ കടന്ന് വരവോട് കൂടി മലയാളം സിനിമകള്‍ വരെ എല്ലാവരും കാണുന്നുണ്ട്. ഞാന്‍ ഫാമിലി മാനിന്റെ ചിത്രീകരണത്തിന് പോയപ്പോഴും മലയാളത്തിലെ വരാനിരിക്കുന്ന സിനിമകളെ കുറിച്ച് അവിടുത്തെ സംവിധായകര്‍ ഇങ്ങോട്ട് സംസാരിച്ചിരുന്നു. അപ്പോ എന്തുകൊണ്ടും അങ്ങനെയുള്ള അവസരങ്ങള്‍ക്ക് സാധ്യതയുണ്ട്. പിന്നെ നമ്മള്‍ എന്തിനാണ് വേണെന്ന് വെക്കുന്നത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

ഇതിനിടെ മലയാളത്തില്‍ ഒരിടവേള വന്നു. ഫാമിലി മാനിന്റെ സമയത്ത് ഞാന്‍ സിനിമകള്‍ ചെയ്യാതിരുന്നതാണ്. ആ കഥാപാത്രം സീരീസില്‍ അത്രയും പ്രധാനപ്പെട്ട ഒന്നായിരുന്നത് കൊണ്ട് എനിക്ക് ഇവിടെ ഒന്നും ചെയ്യാന്‍ പറ്റിയില്ല ശരിക്കും. അത് കഴിഞ്ഞ് വന്ന് രണ്ട് സിനിമകള്‍ ചെയ്തു. ഒരു സിനിമ റിലീസ് ചെയ്തു. അപ്പോഴേക്കുമാണ് കൊവിഡ് വന്നത്. പിന്നെ കൊവിഡ് കഴിഞ്ഞ് ആദ്യം ചെയ്ത സിനിമ ഫീല്‍സ് ലൈക്ക് ഇഷ്‌ക്കാണ്. ഇനി അടുത്ത മലയാളം സിനിമ തുടങ്ങാന്‍ പോവുകയാണ്. പക്ഷേ മലയാളത്തിന് പുറത്തുള്ളവർ കുറേക്കൂടി ഔട്ട് ഓഫ് ദി ബോക്‌സ് ആശയങ്ങള്‍ ചെയ്യുന്ന സംവിധായകരാണ്. പിന്നെ ഒരു നടന്‍ എന്ന നിലയില്‍ ആശയങ്ങള്‍ പറയാനുള്ള സ്‌പേസ് മുംബൈയില്‍ എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ട്. സിനിമ ഒരു കൂട്ടായ പ്രവര്‍ത്തനമാണെന്ന് വിശ്വസിക്കുന്നവരാണ് ഞാന്‍ ചെയ്ത സിനിമകളുടെ സംവിധായകര്‍. ഭാഗ്യവശാല്‍ ഞാന്‍ ഇതുവരെ ചെയ്ത സിനിമകളിലെ രണ്ട് സംവിധായകര്‍ക്കും നമ്മളുമായി തുറന്ന് സംസാരിക്കാനും, വര്‍ക്ക്‌ഷോപ്പുകള്‍ ചെയ്യാനുമൊക്കെ ഇഷ്ടമുള്ള ആളുകളാണ്. അപ്പോള്‍ നമുക്ക് നമ്മുടേതായ രീതിയില്‍ സിനിമയിലേക്ക് എന്തെങ്കിലും ആശയങ്ങള്‍ കൊടുക്കാന്‍ സാധിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker