വിരലിലെ മഷി മായിക്കാന് രാസവസ്തു വിതരണം ചെയ്തു: ചെന്നിത്തല

തിരുവനന്തപുരം: വീണ്ടും അതീവ ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിനു പിന്നാലെ, വോട്ടെടുപ്പിന് ശേഷം വിരലിൽ പതിക്കുന്ന മഷി മായ്ക്കാൻ രാസവസ്തു വിതരണം ചെയ്യുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത്.
വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേട് എന്ന ആരോപണത്തിൽ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനേയും സമീപമീപിക്കുന്നത്.
മൂന്ന് തലത്തിലാണ് ഇക്കാര്യത്തിൽ കോൺഗ്രസ്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എ.ഐ.സി.സി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഇന്ന് കാണുന്നുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയും പരാതി നൽകി.
വോട്ടെടുപ്പിന് ശേഷം കൈയ്യിൽ തേക്കുന്ന മഷി മയിക്കാൻ രാസവസ്തുക്കളുടെ അടക്കം വിതരണം നടക്കുന്നുവെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. ഇതിന് വ്യക്തമായ തെളിവുണ്ടോ എന്ന ചോദ്യത്തിന് ചില കേന്ദ്രങ്ങളിൽ നിന്ന് ഇത്തരത്തിൽ വിവരം ലഭിച്ചുവെച്ചും ഇക്കാര്യത്തിൽ കമ്മീഷന്റെ ശ്രദ്ധ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിൽ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുന്നു എന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. മാത്രമല്ല, ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചുകൊണ്ടാണ് വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയതെന്നും ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.