ഈരാറ്റുപേട്ടയ്ക്കു പിന്നാലെ പാറത്തോട്ടിലും സംഘര്‍ഷം; പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ച് പി.സി.ജോര്‍ജ് മടങ്ങി

കാഞ്ഞിരപ്പള്ളി: പാറത്തോട്ടിൽ പി.സി.ജോർജിന്റെ പ്രചാരണത്തിനിടെ സംഘർഷം. സി.പി.എം, എസ്.ഡി.പി.ഐ പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തി എന്നു പി.സി. ജോർജ് ആരോപിച്ചു. പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് പി.സി.ജോർജ് മടങ്ങി.
ജോർജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രചാരണ വാഹനങ്ങൾ കടന്നുപോയി. ഇതോടെ പ്രസംഗം അലങ്കോലപ്പെട്ടു. ഇത്തരം പ്രവണതകൾ ശരിയല്ലെന്ന് രണ്ടുതവണ ആവർത്തിച്ചു.എന്നാൽ സി.പി.എം വാഹനങ്ങൾ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങിയത്. ജനപക്ഷത്തിന്റെ പ്രവർത്തകരും സി.പി.എം പ്രവർത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി.
തുടർന്നാണ് പ്രസംഗം അവസാനിപ്പിച്ച് പി.സി.ജോർജ് മടങ്ങിയത്. എൽ.ഡി.എഫ്. സ്ഥാനാർഥി പലിശക്കാരനാണ് എന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പി.സി.ജോർജ് പറഞ്ഞു.”പ്രസംഗം തടസ്സപ്പെടുത്താനുളള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പലിശക്കാരനായ ഒരാളെയാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. ഇരുന്നൂറിലധികം ചെക്കുകേസുകളിൽ പെട്ടയാളാണ്. അത് ഞാൻ പറഞ്ഞതാണ് ബുദ്ധിമുട്ടായിരിക്കുന്നത്…”