
ന്യൂഡൽഹി: ജനങ്ങൾ ഏതു വിധത്തിലുള്ള വസ്ത്രം ധരിക്കണം എന്ന കാര്യത്തിൽ രാഷ്ട്രീയപ്രവർത്തകർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ സ്ത്രീവിരുദ്ധപരാമർശം മര്യാദാലംഘനമാണെന്നുൾപ്പെടെ പ്രതികരിച്ചതോടെ വിഷയത്തിൽ രൂക്ഷമായ എതിരഭിപ്രായവുമായി രംഗത്തെത്തുന്ന ആദ്യ ബിജെപി നേതാവായി സ്മൃതി ഇറാനി.
ഏത് വിധത്തിൽ താൻ ജീവിക്കണമെന്നും ഏത് തരം വസ്ത്രം ധരിച്ച് സാമൂഹികമായി ഇടപെടണമെന്നും തീരുമാനിക്കാനുള്ള സ്ത്രീയുടെ അവകാശം അലംഘനീയമായ ചില സംഗതികളിലൊന്നാണ്. പുരുഷനോ സ്ത്രീയോ ട്രാൻസ്ജെൻഡറോ ആയിക്കൊള്ളട്ടെ, രാഷ്ട്രീയപ്രവർത്തകർക്ക് അവരുടെ വസ്ത്രധാരണരീതിയിലോ ഭക്ഷണകാര്യത്തിലോ ഇടപെടേണ്ട യാതൊരു ആവശ്യവുമില്ല.
നിയമം ലംഘിക്കാതിരിക്കുന്നിടത്തോളം ഒരു സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ചോ ജീവിതശൈലിയെ കുറിച്ചോ തനിക്ക് അഭിപ്രായ പ്രകടനം നടത്തേണ്ട ആവശ്യമില്ലെന്നും ഇഷ്ടമുള്ള ജീവിതരീതി സ്വീകരിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ കുറിച്ച് രാജ്യത്തുടനീളം ചർച്ച നടത്തേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമാണെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. വിവരമുള്ള ഒരു വ്യക്തി ഒരിക്കലും ആ വിധത്തിൽ സംസാരിക്കില്ലെന്ന് സഹപ്രവർത്തകനായ റാവത്തിന്റെ പരാമർശത്തെ മര്യാദാലംഘനമെന്ന് വിശേഷിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് അവർ മറുപടി നൽകി.
ബി.ജെ.പിയാണ് ആദ്യമായി പാർട്ടിക്കുള്ളിൽ തന്നെ 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കിയതെന്നും നിർമലാ സീതാരാമനും താനുമുൾപ്പെടെയുള്ളവർക്ക് പാർട്ടി സ്ഥാനമാനങ്ങൾ നൽകിയതിനെ കുറിച്ചും സ്ത്രീസംവരണത്തെ കുറിച്ചുള്ള ചോദ്യത്തോട് സ്മൃതി പ്രതികരിച്ചു. പല വനിതകൾക്കും ഉന്നത പദവികൾ അലങ്കരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു.
പഞ്ചായത്തുകൾ പോലുള്ള തദ്ദേശഭരണതലത്തിലുള്ള സ്ത്രീകളുടെ സേവനം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടാതെ പോകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയരംഗത്ത് ലോകത്തിൽ ഏറ്റവുമധികം സ്ത്രീകൾ പ്രവർത്തിക്കുന്നത് ഇന്ത്യയിലാണെന്നും ഇന്ത്യയിൽ ഏകദേശം 1.3 ദശലക്ഷം വനിതകൾ പഞ്ചായത്തുകളിൽ സേവനം നൽകുന്നുണ്ടെങ്കിലും അതൊന്നും അംഗീകരിക്കപ്പെടാതെ പോവുകയാണെന്നും സ്മൃതി പറഞ്ഞു. തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ മികച്ച രീതിയിൽ പൂർത്തീകരിച്ച
സ്ത്രീകളുടെ കഴിവ് അംഗീകരിച്ച് തുല്യാവസരം ഉറപ്പാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ നീതി തേടുക എന്നത് സ്ത്രീയുടെ അവകാശമാണെന്നും മുൻകേന്ദ്രമന്ത്രി എംജെ അക്ബറിനെതിരായ മീ ടൂ വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് സ്മൃതി മറുപടി നൽകി.