KeralaLead NewsNEWS

നായരമ്പലത്തെ വീട്ടമ്മയുടെ ആത്മഹത്യ; അയല്‍വാസി അറസ്റ്റില്‍, ശല്ല്യപ്പെടുത്തിയതിന് തെളിവ്

കൊച്ചി: എറണാകുളം നായരമ്പലത്ത് വീട്ടമ്മയും മകനും പൊളളലേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസി ദിലീപ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നായരമ്പലം ഭഗവതി ക്ഷേത്രത്തിനു കിഴക്ക് തെറ്റയില്‍ പരേതനായ സാജുവിന്റെ ഭാര്യം സിന്ധുവും മകന്‍ അതുലും (17) ആണ് ഇന്നലെയും ഇന്നുമായി മരിച്ചത്.
അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു.

സിന്ധുവിന്റെ ആത്മഹത്യക്ക് ഇടയാക്കിയ സാഹചര്യം ദിലീപിന്റെ ശല്ല്യം ചെയ്യലാണെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. ദിലീപ് സന്ധ്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നതിന് തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ വെച്ച് ദിലീപിന്റെ പേര് സിന്ധു പറഞ്ഞതാണ് കേസില്‍ നിര്‍ണായകമായത്. ദിലീപിനെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ദിലീപിന്റെ ശല്ല്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച സിന്ധു ഞാറക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. പക്ഷേ ഞാറക്കല്‍ പൊലീസ് കാര്യമായി ഒന്നും ചെയ്തില്ലെന്ന് സിന്ധുവിന്റെ മാതാപിതാക്കള്‍ പറയുന്നു. ഇതില്‍ മനംനൊന്താണ് യുവതിയുടെ മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Back to top button
error: