KeralaNEWS

രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

രാജ്യസഭയിലെ കേരളത്തിൽ നിന്നുള്ള മൂന്ന് അംഗങ്ങൾ വിരമിക്കുന്ന ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് നോമിനേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതിനുശേഷം തെരഞ്ഞെടുപ്പ് മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്ത തീരുമാനം നിലവിലുള്ള നിയമ സഭ അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ്. സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ബാഹ്യ ഇടപെടലുകൾക്ക് വഴിപ്പെട്ട് തീരുമാനമെടുക്കുന്ന സാഹചര്യം ഉണ്ടാകരുത്. അത് സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെ ജനങ്ങൾ സംശയത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും സെക്രട്ടറിയേറ്റ് പറഞ്ഞു.

2016 -ൽ അസംബ്ലി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതിനുശേഷമാണ് 3 അംഗങ്ങൾക്ക് വേണ്ടിയുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും മാർച്ച് 24 ന് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കി. മാർച്ച് 31-ാം തീയതി 3 മണി വരെ നോമിനേഷൻ സമർപ്പിക്കാമെന്ന് റിട്ടേണിംഗ് ഓഫീസർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ഏപ്രിൽ പന്ത്രണ്ടാം തീയതി ആണ് തെരഞ്ഞെടുപ്പ് നടത്തുക എന്ന് റിട്ടേണിംഗ് ഓഫീസർ ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നിർത്തിവെച്ച നടപടി ദുരൂഹമാണെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞാൽ അതിൽ ഇടപെടാൻ പാടില്ലെന്ന് നിരവധി സുപ്രീം കോടതി വിധികൾ നിലവിലുണ്ട്. ഭരണഘടനാപരമായ ബാധ്യത നിറവേറ്റേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാവിരുദ്ധമായി പ്രവർത്തിച്ചത് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്ന നടപടിയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ മരവിപ്പിച്ച നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിക്കണമെന്നും നിയമ സഭയുടെയും അംഗങ്ങളുടേയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker