
പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ച പത്തുവയസ്സുകാരന് ദാരുണാന്ത്യം. ഹരീഷയ്യ എന്ന കുട്ടിയാണ് മരിച്ചത്. വടക്കന്‍ കര്‍ണാടകയിലെ ഹാവേരിയില്‍ 16നായിരുന്നു സംഭവം.
പച്ചക്കറി വാങ്ങാനെത്തിയ ഹരീഷയ്യ പലഹാരം മോഷ്ടിച്ചെന്നു പറഞ്ഞ് കടയുടമ ശിവരുദ്രപ്പയും കുടുംബാംഗങ്ങളും തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. പിന്നീട് സമീപത്ത് വീട് നിര്‍മാണത്തിനെടുത്ത കുഴിയില്‍ ഇറക്കി ഇരുത്തി മുതുകില്‍ ഭാരമുളള പാറക്കല്ല് കെട്ടിവെയ്ക്കുകയായിരുന്നു.
മകനെ കാണാതെ അച്ഛന് നാഗയ്യ തിരക്കി വന്നെങ്കിലും മകന് പാടം പഠിക്കട്ടെയെന്ന് പറഞ്ഞ് ഇവര്‍ തിരിച്ചയക്കുകയായിരുന്നു. പിന്നാലെയെത്തിയ കുട്ടിയുടെ അമ്മ ജയശ്രീ ബഹളം വെച്ചതോടെ ഇവരേയും മര്‍ദ്ദിക്കുകയായിരുന്നു. പിന്നീടാണ് കുട്ടിയെ വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തത്. മര്ദ്ദിച്ചവളനായ കുട്ടിയെ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ചയോളം ചികിത്സയില്‍ കിടന്നശേഷം കുട്ടി മരണത്തിന് കീഴ്ടങ്ങുകയായിരുന്നു.
അതേസമയം, ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു ക്രൂരത പുറത്തറിഞ്ഞത്. മകന് മരിച്ചശേഷമാണ് പോലീസ് കേസെടുത്തതെന്ന് കുട്ടിയുടെ പിതാവ് നാഗയ്യ പറയുന്നു. ശിവരുദ്രപ്പയും വീട്ടുകാരും ഒളിവിലാണ്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.