NewsThen Special

കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക്, വിജയപ്രതീക്ഷകളെ മങ്ങലേൽപ്പിക്കുന്നു

കോൺഗ്രസിൽ നിന്നും, ഇടതു മുന്നണിയിലേയ്ക്കും ബി.ജെ.പിയിലേയ്ക്കുമുള്ള കുത്തൊഴുക്ക് നിലയ്ക്കുന്നില്ല. അടുത്തിടെയാണ് ദേശിയ നേതാവ് പി.സി ചാക്കോ കോൺസ് വിട്ട് ശരദ് പവാറിൻ്റെ എൻ.സി.പിയിൽ ചേർന്നത്. പിന്നാലെ കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന കോഴിക്കോട്ടെ തലമുതിർന്ന നേതാവ് പി.എം സുരേഷ് ബാബുവും ചാക്കോയുടെ പാത തന്നെ പിന്തുടർന്നു. ഒട്ടേറെ സംസ്ഥാന, ജില്ലാ നേതാക്കൾ ഈ വഴിയിലേയ്ക്ക് മിഴിനട്ടിരിക്കുകയാണ്.

വയനാട്ടിൽ നിന്ന് കെ.സി റോസക്കുട്ടി ടീച്ചർ ഉൾപ്പെടെ ഒട്ടേറെ കോൺഗ്രസ് നേതാക്കളും കോൺഗ്രസിനോടു കലഹിച്ച് സി.പി.എമ്മിൽ ചേർന്നിട്ട് കുറെ ദിവസങ്ങളെ ആയുള്ളു. കേരളത്തിൽ കോൺഗ്രസിൻ്റെ അടിവേരിളക്കുന്ന നീക്കങ്ങളാണ് നടക്കുന്നത്.കഴിഞ്ഞ ദിവസം എറണാകുളത്തെ കോണ്‍ഗ്രസിൻ്റെ ഡി.സി.സി ജനറല്‍ സെക്രട്ടറിയും ഐ.എന്‍.ടി.യു.സി നേതാവുമായ അഡ്വ. ഷെരീഫ് മരക്കാര്‍ രാജി വച്ച് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു.
നിസാരക്കാരനല്ല അഡ്വ. ഷെരീഫ് മരക്കാര്‍.

കേരളത്തിലെ ഐ.എന്‍.ടി.യു.സി സ്ഥാപക നേതാവ് വി.പി മരയ്ക്കാറുടെ മകൻ. കളമശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.രാജീവിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഷെരീഫ് അറിയിച്ചു. കളമശേരി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥി നിർണയം സംബന്ധിച്ച തർക്കങ്ങളെ തുടര്‍ന്നാണ് രാജി. ചെറുതും വലുതുമായ പ്രശ്നങ്ങളുടെ പേരിൽ സംസ്ഥാനത്തുടനീളം കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഏറ്റുമാനൂരിൽ ലതികാ സുഭാഷ് കോൺഗ്രസ് വിട്ട് തല മുണ്ഡനം ചെയ്ത് സ്വതന്ത്രയായി മത്സരിക്കുന്നു.

പാലക്കാട് ഗോപിനാഥും ആലത്തൂരും പേരാമ്പ്രയിലുമൊക്കെ പല നേതാക്കളും കാലുകൾ പടിക്കു പുറത്തു വച്ചാണ് നിൽപ്പ്. എന്തിന് കോൺസിലെ ‘ഗർജ്ജിക്കുന്ന സിംഹം’ കെ. സുരേന്ദ്രൻ തന്നെ മറുകണ്ടം ചാടാനുള്ള തയ്യാറെടുപ്പിലാണെന്നു കേൾക്കുന്നു. ദേശിയ തലത്തിൽ കോൺഗ്രസ് നാമാവശേഷമായിക്കഴിഞ്ഞു. കേരളത്തിലാകട്ടെ ഒരു തിരിച്ചുവരവു തന്നെ മലർപ്പൊടിക്കാരൻ്റെ സ്വപ്നമായി തീരുമെന്നു സാരം.പോളിംങ് ബൂത്തിലേയ്ക്ക് ഇനി കേവലം 12 ദിനം മാത്രം ശേഷിക്കേ തുടർച്ചയായ ഈ കൊഴിഞ്ഞു പോക്കിൽ കോൺഗ്രസ് വേരറ്റു കടപുഴകി വീഴുമോ എന്ന കാര്യമേ ഇനി അറിയാനുള്ളു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker