LIFEMovie

ബന്‍സാലിയ്ക്കും ആലിയ ഭട്ടിനും സമന്‍സ്

മുംബൈ: ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും നടി ആലിയ ഭട്ടിനും കോടതിയുടെ സമന്‍സ്. ഗംഗുഭായ് കത്ത്യവാടി എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് സമന്‍സ്.
മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കി വാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രത്തില്‍ ഗംഗുഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ദത്തുപുത്രന്‍ രാവ്ജി ഷാ മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സമന്‍സ് അയച്ചത്. ഇതുപ്രകാരം ഇരുവരോടും മെയ് 21 നുളളില്‍ കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

2011ല്‍ പുറത്തിറങ്ങിയ മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ് ലാന്‍ഡ്‌സ് എന്ന പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. പുസ്തകത്തില്‍ തന്റെ മാതാവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നും അതെ പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഇത് തന്നെ ആവര്‍ത്തിക്കുമെന്നും രാവ്ജി ഷാ ആരോപിക്കുന്നു. ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവരാണ് പുസ്തകം രചിച്ചത്.

ആദ്യം രാവ്ജി ഷാ മുംബൈ സിവില്‍ കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
ചിത്രത്തിന്റെ റിലീസ് തടയണമെന്നതായിരുന്നു ഇയാളുടെ ആവശ്യം. എന്നാല്‍ സിവില്‍ കോടതി രാവ്ജി ഷായുടെ കേസ് തള്ളുകയായിരുന്നു. 2021 ല്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ വിവാദം സൃഷ്ടിക്കുന്നത് രാവ്ജി ഷായുടെ ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്. മാത്രവുമല്ല രാവ്ജി ഷാ ഗംഗുഭായിയുടെ വളര്‍ത്തുമകനാണെന്നതിന് കൃത്യമായ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം,സഞ്ജയ് ലീല ബന്‍സാലിയുടെ ബന്‍സാലി പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം ജൂലൈ 30-നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മാഫിയ ക്വീന്‍ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ് കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഈ രണ്ട് ലുക്കിലുമുള്ള ആലിയയുടെ ഫോട്ടോ ആലേഖനം ചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും വലിയ ജനശ്രദ്ധ നേടിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker