
അഭിനയ രംഗത്തെ മുപ്പത്തിയഞ്ച് വര്‍ഷത്തിന്റെ അനുഭവ പരിചയവുമായി
നടന് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രമായ ബറോസിന്റെ ചിത്രീകരണം ആരംഭിച്ചു. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. മോഹന്‍ലാലാണ് ആദ്യമായി ദീപം കൊളുത്തി പൂജയ്ക്ക് തുടക്കം കുറിച്ചത്. ശേഷം ജിജോയും ആന്റണി പെരുമ്പാവൂരും ദീപം തെളിയിച്ചു.
മമ്മൂട്ടി, പ്രിയദര്ശന്, സത്യന് അന്തിക്കാട്, സിബി മലയില്‍, ലാല്‍, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉള്‍പ്പെടെ സിനിമ രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങുകളും ചിത്രീകരണവും ആരംഭിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.
‘ജീവിത വഴിത്താരയില്‍ വിസ്മയ ചാര്‍ത്തുകളില്‍ സ്വയം നടനായി, നിര്‍മ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി മാറി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിന് തിരനോട്ടം കുറിക്കുന്നു. 24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാന്‍. ഈ നിയോഗത്തിനും എനിക്ക് താര-ജീവിതം തന്ന നവോദയയുടെ ആശിര്‍വാദവും, സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടര്‍ യാത്രകളിലും അനുഗ്രഹമായി, നിങ്ങള്‍ ഏവരും ഒപ്പമുണ്ടാകണമെന്ന്, ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചത്താന്‍ എന്ന ചിത്രമൊരുക്കിയ ജിജോ പുന്നൂസാണ് ബറോസിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് സംവിധായകനായ മോഹന്‍ലാല്‍ തന്നെയാണ്.
ഫെബ്രുവരി അവസാനത്തോടെ എറണാകുളത്ത് ചിത്രത്തിന്റെ സെറ്റ് വര്‍ക്കുകള്‍ ആരംഭിച്ചിരുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുകയാണ് ബറോസ്. പൃഥ്വിരാജും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമേയുള്ള അഭിനേതാക്കളെല്ലാം ഹോളിവുഡില്‍ നിന്നുള്ളവരാണ്.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. കുട്ടി ബറോസായി എത്തുന്നത് ഹോളിവുഡ് താരം ഷൈലയാണ്.
പതിമൂന്നുകാരനായ ലിഡിയന് ആണ് സംഗീത സംവിധായകന്. കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ ആരംഭിക്കാനിരുന്ന ഈ ചിത്രം കോവിഡ് പ്രതിസന്ധി മൂലം കുറച്ചു നീണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ഒന്ന് മുതല്‍ നാലാം തീയതിവരെ ദീര്‍ഘമായ ചര്‍ച്ചകളാണ് എറണാകുളത്തുള്ള നവോദയ സ്റ്റുഡിയോയില്‍ നടന്നത്. ചര്‍ച്ചയില്‍ മോഹന്‍ലാലിനെ കൂടാതെ തിരക്കഥാകൃത്ത് ജിജോ, ക്യാമറാമാന് സന്തോഷ് ശിവന്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, കലാസംവിധായകന്‍ സന്തോഷ് രാമന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സജി ജോസഫ് തുടങ്ങിയവരും പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള ടെക്നീഷ്യന്മാരും താരങ്ങളും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നിരുന്നു.
കൊച്ചിയിലെ ബ്രണ്ടണ് ബോട്ട് യാര്‍ഡാണ് ആദ്യ ലൊക്കേഷന്‍. 15 ദിവസം നീളുന്ന ആദ്യ ഷെഡ്യൂളില്‍ പൃഥ്വിരാജിനോടൊപ്പം ഷെയ്ല മാക്ഫ്രീയും ഉണ്ടാകും. എന്നാല്‍ മോഹന്‍ലാല്‍ ഉണ്ടാവില്ല. അദ്ദേഹം പൂര്‍ണ്ണമായും ക്യാമറയ്ക്ക് പിറകിലായിരിക്കും. രണ്ടാം ഷെഡ്യൂള്‍ ഏപ്രില്‍ 7 ന് ഗോവയില്‍ തുടങ്ങത്തക്കവിധമാണ് പ്ലാന്‍ ചെയ്യുന്നത്. അവിടെ 40 ദിവസത്തെ വര്‍ക്കുണ്ട്. ഗോവ ഷെഡ്യൂളില്‍ ലാലും വിദേശ താരങ്ങളും പങ്കെടുക്കുന്ന വലിയ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ട്. ഗോവന്‍ ഷെഡ്യൂളിന് പിറകെ കേരളത്തിലേയ്ക്ക് തിരിച്ചെത്തും. ഷെഡ്യൂള്‍ ബ്രേക്ക് ഇല്ലാതെയാണ് ബറോസ് പൂര്‍ത്തിയാക്കുന്നത്.