
കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം വലിയ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ കുറവിലങ്ങാട് ചീമ്പനായിൽ സി എ തങ്കച്ചന്റേത് കൊലപാതകം എന്ന് കണ്ടെത്തി. മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റത്തിൽ നാടോടി സ്ത്രീ 57കാരനെ കൊലപ്പെടുത്തിയത് ആണെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ബസ് സ്റ്റാൻഡിന് സമീപം താത്കാലിക ഷെഡ്ഡിൽ താമസിക്കുന്ന ബിന്ദുവിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. 31 വയസ്സാണ് ബിന്ദുവിന് ഉള്ളത് .
ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് മാർക്കറ്റിലെ മത്സ്യ കേന്ദ്രത്തിൽ സഹായിയായി ജോലി ചെയ്തിരുന്ന തങ്കച്ചനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ ബാറിൽ നിന്ന് മദ്യം വാങ്ങിയ തങ്കച്ചൻ ബിന്ദുവിനെയും കൂട്ടി വലിയ തോടിന്റെ കരയിലെത്തി മദ്യപിച്ചു. മദ്യലഹരിയിലായിരുന്നപ്പോൾ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തങ്കച്ചൻ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് ബിന്ദു മൊഴി നൽകിയത്.
ഇത് തടയാൻ തടിക്കഷ്ണം ഉപയോഗിച്ച് ബിന്ദു തങ്കച്ചന്റെ തലക്കടിച്ചു. തുടർന്ന് തോട്ടിലേക്ക് തള്ളിയിടുകയായിരുന്നു. ആ സമയത്ത് പരിസരപ്രദേശങ്ങളിൽ ആരുമില്ലായിരുന്നു. വൈകുന്നേരം നാലിന് വീണ്ടും ബിന്ദു തോടിന്റെ അരികിലെത്തി. തോട്ടിൽ കമിഴ്ന്നു കിടക്കുന്ന തങ്കച്ചനെ ആണ് കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. പോലീസെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മരണകാരണം അന്വേഷിച്ച പോലീസ് വളരെ വിദഗ്ധമായാണ് ബിന്ദുവാണ് കൊലപാതകി എന്ന് കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പ് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായിരുന്നു ബിന്ദു.