IndiaNEWS

കേരളത്തിന്റെ പൂക്കുട എന്നറിയപ്പെടുന്ന തോവാള ഗ്രാമം  

പൂ
ക്കളുടെയും ചന്ദനത്തിരികളുടെയും മണമായിരുന്നു അവിടുത്തെ ഓരോ തെരുവിനും.ഇത് തോവാള.കേരളത്തിലെ പൂക്കച്ചവടത്തിന്റ മൊത്തവിതരണ കേന്ദ്രം.കേരളത്തിന്റെ തെക്കേ അറ്റമായ കളിയിക്കവിള കടന്ന് നാഗര്‍കോവിലില്‍ എത്തി, അവിടെനിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന വഴിയിലാണ് കേരളത്തിന്റെ പൂക്കുട എന്നറിയപ്പെടുന്ന തോവാള ഗ്രാമം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളിലേക്ക് പൂക്കള്‍ എത്തുന്നത് തോവാള മാര്‍ക്കറ്റില്‍ നിന്നുമാണ്.
തോവാളയിലും സമീപപ്രദേശങ്ങളിലുമായി ആയിരക്കണക്കിന് പൂന്തോട്ടങ്ങള്‍ ആണുള്ളത്.ഇവിടുത്തെ കുടുംബങ്ങളിൽ ഏറെയും പൂവ് വിപണിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരുമാണ്.ഇവിടങ്ങളില്‍ നിന്നാണ് പൂക്കള്‍ തോവാള മാര്‍ക്കറ്റിലേക്ക് എത്തിക്കുന്നത്.പുലർച്ചെ നാലു മണിമുതൽ  വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്ന അവരുടെ അധ്വാനമാണ് പൂന്തോട്ടങ്ങളിലും തോവാള മാർക്കറ്റിലും കാണാന്‍ കഴിയുന്നത്. ചെടികള്‍ക്ക് കൃത്യമായി വെള്ളവും വളവും നല്‍കേണ്ടതുണ്ട്. അത്തരത്തിലുള്ള കൃത്യമായ പരിപാലനത്തിലൂടെയാണ് പൂക്കള്‍ വിരിയുന്നത്.കേരളത്തിലെ ഉൽസവ സീസണുകളാണ് തോവാള പൂ ചന്തയുടെ എന്നത്തേയും ശക്തമായ അടിത്തറ.പ്രത്യേകിച്ച് ഓണക്കാലം.
പഴയ തിരുവിതാംകൂറിലെ ഭാഗമാണ് ഈ പൂഗ്രാമം.തോവാള ചന്തയ്ക്ക് നൂറ് വർഷത്തിലേറെ പഴക്കമുണ്ട്.തിരുവിതാംകൂർ രാജാക്കന്മാരാണ് ആദ്യകാലത്ത് ഇവിടത്തെ പൂകൃഷിക്കായി സഹായം ചെയ്തു കൊടുത്തിരുന്നത്.തിരുനെല്‍വേലി പാതയില്‍ രണ്ടു വനങ്ങള്‍ വേര്‍തിരിക്കുന്ന ചുരമുണ്ട്. ആരുവായ് മൊഴി. പഴയ തിരുവിതാംകൂറിന്റെ അതിര്‍ത്തി. ഈ ചുരത്തിലാണ് പ്രശസ്തമായ തോവാള. നാഗര്‍കോവിലില്‍ നിന്നും അരമണിക്കൂര്‍ യാത്ര. പൂക്കള്‍കൊണ്ട് നിറഞ്ഞതാണ് ഗ്രാമം. നീണ്ട പാടങ്ങളില്‍ പൂക്കള്‍ സമൃദ്ധിയായി വളരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ പൂക്കള്‍ എത്തുന്നതില്‍ ഏറെയും ഇവിടെ നിന്നാണ്.

Back to top button
error: