
മന്ത്രി കടകംപളളി സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്റെ പൂതന പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപളളി സുരേന്ദ്രന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുന്നതാണ് ശോഭയുടെ പരാമര്‍ശമെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
അതേസമയം, തന്റെ പരാമര്‍ശത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന നിലപാടില്‍ തന്നെയാണ് ശോഭ സുരേന്ദ്രന്. താന്‍ പറഞ്ഞ പ്രസ്താവനയുടെ അര്‍ത്ഥം പോലും ഗ്രഹിക്കാന്‍ കഴിവില്ലാത്തവനാണെങ്കില്‍ കടകംപളളി നിയമസഭയില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്ന് ശോഭ പറഞ്ഞിരുന്നു.
അതേസമയം, കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപിയും ശോഭ സുരേന്ദ്രന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.
വിശ്വാസികളെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഒരു സര്‍ക്കാരിന്റെ അസുര താണ്ഡവത്തിന് അവസാനം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് സമാഗമമായിരിക്കുന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
താന്‍ തൊഴിലാളിവര്‍ഗ സംസ്കാരത്തില്‍ വളര്‍ന്നുവന്ന നേതാവാണെന്നും സ്ത്രീകളെയും പ്രതിയോഗകളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുളളതെന്നും ശോഭയെ ജനം വിലയിരുത്തട്ടെയെന്നും ശോഭയുടെ പരാമര്‍ശത്തില്‍ സുരേന്ദ്രന് തുറന്നടിച്ചിരുന്നു.
കടകംപ്പള്ളി സുരേന്ദ്രന് അയ്യപ്പവിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയാണെന്നും കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്മാരായി മാറുമെന്നും ശബരിമല സംബന്ധിച്ച കടകംപ്പള്ളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളല്‍ ആണെന്നുമായിരുന്നു ശോഭയുടെ പരാമര്‍ശം.