
നിയമസഭാ തിരഞ്ഞെടുപ്പിലെ മത്സര ചിത്രം തെളിഞ്ഞു. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 2,74,46,039 വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിൽ ഉള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.
സൂക്ഷ്മ പരിശോധനക്ക് ശേഷം 1061 പത്രികകൾ ആണ് സ്വീകരിച്ചത്. ഇതിൽ 104 പേർ ഇന്നലെ പത്രിക പിൻവലിച്ചു. തലശ്ശേരി, ഗുരുവായൂർ, ദേവികുളം എന്നീ മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് സ്ഥാനാർത്ഥികൾ ഇല്ല.
പത്രിക പിൻവലിച്ചവരിൽ വിമതരും അപരന്മാരും ഉണ്ട്. എലത്തൂരിൽ കോൺഗ്രസ് വിമതൻ യുവി ദിനേശ്മണി പത്രിക പിൻവലിച്ചു. മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥി സുന്ദരയും പത്രിക പിൻവലിച്ചു. ബിജെപി സമ്മർദ്ദത്തെത്തുടർന്നാണ് ഇതെന്ന് ബിഎസ്പി ജില്ലാ ഭാരവാഹികൾ ആരോപിക്കുന്നു.