
വിവാഹിതരായ പുരുഷന്മാരാണ് രാഖിയുടെ ഉന്നം. കാരണം പിടിക്കപ്പെട്ടാലും വിവാഹ ജീവിതം തകരും എന്നാലോചിച്ച് ആരും പരാതി നൽകില്ലല്ലോ. എന്നാൽ തുറവൂർ കുത്തിയതോട് സ്വദേശി പരാതി നൽകിയതോടെ രാഖി മാത്രമല്ല കൂട്ടുനിന്ന ഭർത്താവ് രതീഷും പിടിയിലായി.
ഫേസ്ബുക്കിലൂടെ വ്യാജ പേരുകൾ വച്ച് സൗഹൃദം ഉണ്ടാക്കിയാണ് ദമ്പതികളായ രതീഷും രാഖിയും വിവാഹിതരായ പുരുഷന്മാരെ കെണിയിൽ ആക്കിയത്. അശ്വതി അമ്മു, ചിഞ്ചു എസ് പിള്ള, അമൃത നായർ,ശാരദ ബാബു എന്നീ പേരുകളിലൊക്കെ രാഖിയ്ക്ക് അക്കൗണ്ടുണ്ട്.
ക്ഷേത്രപൂജാരി ആയ ചേർത്തല തുറവൂർ കുത്തിയതോട് സ്വദേശിയെ കബളിപ്പിച്ച കേസിലാണ് മുളക്കുഴ കാരക്കാട് തടത്തിൽ മേലേതിൽ രാഖിയും ഭർത്താവ് പന്തളം കുളനട കുരമ്പാല മാവിള തെക്കേതിൽ രതീഷ് എസ് നായരും പിടിയിലായത്. യുവാവിൽ നിന്ന് അഞ്ചര പവൻ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും അപഹരിച്ചിരിക്കുന്നു.
കഴിഞ്ഞ 17നാണ് ദമ്പതികൾ ചെങ്ങന്നൂരിൽ ലോഡ്ജിൽ മുറിയെടുത്തത്. വെള്ളാവൂർ ജംഗ്ഷനിലും ആശുപത്രി ജംഗ്ഷനിലുമുള്ള രണ്ടു ലോഡ്ജുകളിൽ മുറിയെടുത്തു. കുത്തിയതോട് സ്വദേശി യുവാവുമായി ഫേസ്ബുക്കിൽ രാഖിക്ക് സൗഹൃദം ഉണ്ടായിരുന്നു. ഒന്നരമാസം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. ശാരദ ബാബു എന്നാണ് പേരായി പറഞ്ഞത്. ചെന്നൈയിൽ ഐടി ഉദ്യോഗസ്ഥയാണെന്നും സ്കൂളിൽ ഒരേ കാലത്ത് പഠിച്ചതാണെന്നും പറഞ്ഞാണ് സൗഹൃദം സ്ഥാപിച്ചത്.
സുഹൃത്തിന്റെ വിവാഹം 18ന് ചെങ്ങന്നൂരിൽ ഉണ്ടെന്നും കുത്തിയതോട് സ്വദേശി ഇവിടെ എത്തിയാൽ ഓർമ്മകൾ പുതുക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. യുവാവ് ബൈക്കിൽ ചെങ്ങന്നൂരിലെ ലോഡ്ജിൽ ഉച്ചയോടെ എത്തി. മൂന്നാം നിലയിലെ ഒമ്പതാം നമ്പർ മുറിയിലാണ് രാഖി ഉണ്ടായിരുന്നത്. രണ്ടുപേർക്കുള്ള ഭക്ഷണസാധനങ്ങളും രണ്ട് ബിയറും രാഖിയുടെ നിർദ്ദേശമനുസരിച്ച് യുവാവ് വാങ്ങിക്കൊണ്ടു വന്നിരുന്നു.
കുറച്ചു നേരം വർത്തമാനം പറഞ്ഞതിനുശേഷം യുവാവ് ശൗചാലയത്തിൽ പോയി. തിരിച്ചുവന്നപ്പോൾ പൊട്ടിച്ച ഒരു കുപ്പി ബിയർ നീട്ടി രാഖി കുടിക്കാൻ ക്ഷണിച്ചു. കുപ്പിയിൽ നിന്ന് നുരയും പതയും വന്നിരുന്നു. സംശയിച്ചെങ്കിലും രാഖി നിർബന്ധിച്ചു കുടിപ്പിച്ചു. ബിയർ കുടിച്ചതോടെ യുവാവ് മയങ്ങിപ്പോയി.
രാത്രി 10ന് ഹോട്ടൽ ജീവനക്കാരാണ് യുവാവിനെ വിളിച്ചുണർത്തിയത്. ഹോട്ടൽ ഉടമ ആണ് പൊലീസിൽ പരാതി നൽകാൻ പറഞ്ഞത്. അതേ ദിവസം മറ്റൊരു യുവാവിനെ കുരുക്കാൻ ദമ്പതികൾ ശ്രമിച്ചെങ്കിലും ഹോട്ടലുടമയുടെ നീക്കത്തെ തുടർന്ന് പൊളിഞ്ഞു.
യുവാവിന്റെ പക്കലുള്ള സാധനങ്ങൾ മോഷ്ടിച്ച ശേഷം ദമ്പതികൾ കാറിൽ കന്യാകുമാരിയിലേക്ക് പോയി. അവിടെ വാടകയ്ക്ക് താമസിച്ചു. രതീഷിന്റെ കാർ നമ്പർ വെച്ചാണ് പരിശോധന പോലീസ് ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ പളനിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ആറു വയസ്സുള്ള മകളും കൂടെയുണ്ടായിരുന്നു. സ്വർണ്ണം കന്യാകുമാരിയിൽ ആണ് വിറ്റഴിച്ചത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനായി ഇവർ ഉപയോഗിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു.
എറണാകുളം, പാലാരിവട്ടം,ഓച്ചിറ തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ രീതിയിൽ ഇവർ ഇരകളെ കബളിപ്പിച്ച് സ്വർണാഭരണങ്ങളും വിലകൂടിയ ഫോണുകളും മോഷ്ടിച്ചിരുന്നു. ഇവർ പിടികൂടപ്പെട്ടതോടെ കൂടുതൽ ഫോൺവിളികൾ പോലീസിന് ലഭിക്കുന്നുണ്ട്.