
കെപിസിസി വൈസ് പ്രസിഡണ്ട് കെ സി റോസക്കുട്ടി ടീച്ചർ കോൺഗ്രസ് വിട്ടു. കോൺഗ്രസ് സ്ത്രീകളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് റോസക്കുട്ടി ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വർഗീയ ശക്തികൾക്കെതിരെ മൃദു നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും റോസക്കുട്ടി ടീച്ചർ കുറ്റപ്പെടുത്തി. വനിതാ കമ്മീഷൻ മുൻ അധ്യക്ഷയാണ് റോസക്കുട്ടി ടീച്ചർ. ബത്തേരിയിൽ നിന്ന് മത്സരിച്ച് എംഎൽഎ ആയിട്ടുണ്ട്. മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ച ലതികാ സുഭാഷിന് റോസക്കുട്ടി ടീച്ചർ പിന്തുണ പ്രഖ്യാപിച്ചു.
മതനിരപേക്ഷ സമൂഹത്തെ കെട്ടിപ്പടുക്കാനും രാജ്യത്തിന്റെ വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകാനും കോൺഗ്രസിന് കഴിയുന്നില്ല എന്ന് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞുവെന്ന് റോസക്കുട്ടി ടീച്ചർ പറഞ്ഞു. തന്റെ അടുത്ത സുഹൃത്താണ് ലതികാസുഭാഷ്. സീറ്റിന് അർഹതപ്പെട്ട വ്യക്തിയാണ് ലതിക. 23 ദിവസം ഐശ്വര്യ കേരളയാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം പ്രവർത്തിച്ച വ്യക്തിയാണ് ലതിക. ആ വനിത സീറ്റ് ലഭിക്കാത്തതിനാൽ നടത്തിയ പ്രതിഷേധത്തോട് കോൺഗ്രസ് നേതാക്കൾ കാണിച്ച പ്രതികരണം മാനസികമായി തന്നെ ഏറെ വിഷമിപ്പിച്ചു.
ഒരു സ്ത്രീ അവരുടെ മുടി മുറിക്കണം എങ്കിൽ എത്രത്തോളം മാനസിക വിഷമം അവർ അനുഭവിച്ചിട്ടുണ്ടാകും എന്ന് മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. പാർട്ടിയുടെ ഏക ജില്ലാ പ്രസിഡന്റ് ആണ് ബിന്ദുകൃഷ്ണ. ഈ ബിന്ദു കൃഷ്ണക്ക് കൊല്ലം ജില്ലയിൽ സീറ്റ് ലഭിക്കാൻ മാധ്യമങ്ങളുടെ മുമ്പിൽ പൊട്ടിക്കരയേണ്ടി വന്നുവെന്നും റോസക്കുട്ടി ടീച്ചർ വ്യക്തമാക്കി.