KeralaNEWS

സുന്ദരയെ പാളയത്തിൽ എത്തിച്ച് ബിജെപി, സുരേന്ദ്രന് ആശ്വാസം

ഇത്തവണ സുന്ദര നാമനിർദ്ദേശപത്രിക പിൻവലിച്ച് താമര ചിഹ്‌നത്തിൽ വോട്ട് തേടും എന്നാണ് വിവരം

മഞ്ചേശ്വരത്ത് 2016 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ പരാജയപ്പെട്ടത് 89 വോട്ടിനാണ്. കെ സുന്ദര എന്ന സ്വതന്ത്ര സ്ഥാനാർത്ഥി 467 വോട്ടുകൾ നേടുകയും ചെയ്തു. സുരേന്ദ്രന്റെ പരാജയത്തിനു കാരണം കെ സുന്ദര എന്ന സ്ഥാനാർഥി ആയിരുന്നു എന്നായിരുന്നു നിഗമനം.

ഇത്തവണയും കെ സുന്ദര നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിഎസ്പി സ്ഥാനാർത്ഥിയായാണ് നാമനിർദ്ദേശപത്രിക നൽകിയത്. എന്നാൽ ഇത്തവണ സുന്ദര നാമനിർദ്ദേശപത്രിക പിൻവലിച്ച് താമര ചിഹ്‌നത്തിൽ വോട്ട് തേടും എന്നാണ് വിവരം. സുന്ദര ഇന്ന് നാമനിർദേശപത്രിക പിൻവലിക്കും.

ബിജെപി നേതാക്കളോടൊപ്പം സുന്ദര നിൽക്കുന്ന ചിത്രം ബിജെപി മീഡിയ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇന്ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ പത്രിക പിൻവലിക്കാം.

എന്നാൽ തങ്ങളുടെ സ്ഥാനാർത്ഥിയെ ബിജെപി തട്ടിക്കൊണ്ടുപോയി എന്നാണ് ബി എസ് പി നേതാക്കളുടെ ആരോപണം. ശനിയാഴ്ച വൈകിട്ട് നാലിന് ശേഷം കെ സുന്ദരയെ ഫോണിൽ ബന്ധപ്പെടാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നും ബിഎസ്പി നേതാക്കൾ പറയുന്നു. സുന്ദരയെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും ഇവർ ആരോപിക്കുന്നു. സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് കാണിച്ച് ബദിയടുക്ക പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയായിരുന്നു ജില്ലാ ഭാരവാഹികൾ. എന്നാൽ രാത്രിയോടെ പരാതി പിൻവലിച്ചു.

തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആണ് പത്രിക പിൻവലിക്കാൻ തീരുമാനിച്ചത് എന്നും കെ സുന്ദര പ്രതികരിച്ചു. ശനിയാഴ്ച വൈകിട്ട് ബിജെപി നേതാക്കളെ കണ്ടെന്നും അവർ പറഞ്ഞത് അനുസരിച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നുവെന്നുമാണ് സുന്ദരയുടെ പ്രതികരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker