NewsThen Special

വടക്കൻ കേരളം എൽഡിഎഫിനൊപ്പം എന്ന് മനോരമ സർവേ, കോഴിക്കോട് എൽഡിഎഫ് തൂത്തുവാരും എന്നും പ്രവചനം

വടക്കൻ കേരളത്തിൽ എൽഡിഎഫ് മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ അഭിപ്രായ സര്‍വ്വേ. നാലു ജില്ലകളിലെ 32 സീറ്റിൽ 27 ഉം എൽഡിഎഫ് നേടുമെന്നാണ് സർവ്വേ ഫലം. നാലു സീറ്റ് മാത്രമാണ് യുഡിഎഫിന് ലഭിക്കുക. ഒരു സീറ്റ് ബിജെപി മുന്നേറ്റവും മനോരമ പ്രവചിക്കുന്നു.

കോഴിക്കോട് എല്ലാ സീറ്റുകളും എല്‍ഡിഎഫിനൊപ്പമെന്നാണ് സർവേയുടെ പ്രവചനം. 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കും. ലീഗിന്റെ കുത്തക സീറ്റുകളിൽ പോലും ഇടത് തരംഗമുണ്ടാകുമെന്നാണ് സര്‍വ്വേ ഫലം.

വടകരയില്‍ ജയം എല്‍ഡിഎഫിനൊപ്പമെന്നാണ് സര്‍വ്വെ പ്രവചനം. കുറ്റ്യാടി എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്നും സര്‍വ്വെ പറയുന്നു. നാദാപുരവും കൊയ്‌ലാണ്ടിയും പേരാമ്പ്രയും ബാലുശ്ശേരിയും ബേപ്പൂരും എലത്തൂരും കുന്നമംഗലവും കൊടുവള്ളിയും എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. തിരുവമ്പാടിയും എല്‍ഡിഎഫ് നിലനിര്‍ത്തും.

കോഴിക്കോട് നോര്‍ത്തിലും നേരിയ ഭൂരിപക്ഷത്തിൽ എല്‍ഡിഎഫ് ജയിക്കും എന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്ത് എല്‍ഡിഎഫ് പിടിച്ചെടുക്കും.സിറ്റിങ് സീറ്റില്‍ ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ് പരാജയപ്പെടും.

കണ്ണൂര്‍ ജില്ലയില്‍ അഴീക്കോട് യുഡിഎഫിനൊപ്പം തന്നെ. പയ്യന്നൂരും കല്യാശ്ശേരിയും തളിപ്പറമ്പും കണ്ണൂരും തലശ്ശേരിയും ധര്‍മ്മടവും എല്‍ഡിഎഫിനൊപ്പമാണ്.

ഇരിക്കൂറില്‍ നേരിയ ഭൂരിപക്ഷത്തിൽ യു ഡി എഫ് വിജയിക്കുമെന്നാണ് കണ്ടെത്തൽ.കൂത്തുപറമ്പ് എല്‍ഡിഎഫ് നിലനിര്‍ത്തും.ഇവിടെ എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തും.യുഡിഎഫ് ലീഗിന് കൊടുത്ത മണ്ഡലമാണിത്.

കെകെ ശൈലജ മത്സരിക്കുന്ന മട്ടന്നൂര്‍ എല്‍ഡിഎഫിനൊപ്പം തന്നെയാണ്.പേരാവൂരില്‍ അട്ടമറിയോടെ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കും.

കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്ത് ബിജെപി ജയിക്കുമെന്നാണ് മനോരമ ന്യൂസ്‌ സർവെയുടെ പ്രവചനം.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് മഞ്ചേശ്വത്തെ ബിജെപി സ്ഥാനാര്‍ത്ഥി.

കാസര്‍കോട് സീറ്റില്‍ യുഡിഎഫിന് തന്നെയാണ് മുന്‍തൂക്കം. ഉദുമയും കാഞ്ഞങ്ങാടും എല്‍ഡിഎഫ് നിലനിര്‍ത്തും.തൃക്കരിപ്പൂർ യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker