
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ”പുഷ്പ” എന്ന ചിത്രത്തില്‍ വില്ലനായി ഫഹദ് ഫാസില്‍ എത്തുന്നു. നിര്‍മാതാക്കളായ മൈത്രി മൂവീ മേക്കേഴ്സാണ് വിവരം പുറത്ത് വിട്ടത്. ചിത്രം ഓഗസ്റ്റ് 13 ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ ചന്ദനമരങ്ങളുടെ കള്ളക്കടത്ത് നടത്തുന്ന ലോറി ഡ്രൈവര്‍ ആയിട്ടാണ് അല്ലു അര്ജുന് എത്തുക.
പുഷ്പയില്‍ അല്ലു അര്‍ജുനൊപ്പം വലിയ താരനിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. സംവിധായകന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രശ്മിക മന്ദനയാണ് ചിത്രത്തില്‍ അല്ലുഅര്‍ജുന്റെ നായികയായെത്തുന്നത്.
ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനില്‍, ഹരീഷ് ഉത്തമന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ചിത്രം കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റം ചെയ്ത് പ്രദര്‍ശനത്തിനെത്തും. 2019 ല്‍ ചിത്രീകരണം ആരംഭിച്ച പുഷ്പയുടെ ചില ഭാഗങ്ങള്‍ കേരളത്തിലെ അതിരപ്പള്ളി വനാന്തര മേഖലയിലും ചിത്രീകരിച്ചിട്ടുണ്ട്.