
മൂന്ന് നാമനിർദ്ദേശപത്രികകൾ ആണ് സൂക്ഷ്മപരിശോധനയിൽ ബിജെപിയുടെ തള്ളി പോയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പ്രശ്നത്തിൽ ആയ ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇനി കോടതിയേ രക്ഷ എന്നൊക്കെ ബിജെപി നേതൃത്വം പറയുന്നതെങ്കിലും തലശ്ശേരിയിലും ഗുരുവായൂരിലും സ്ഥാനാർത്ഥികൾ ഇല്ലാതായതെങ്ങിനെ എന്നതിനെക്കുറിച്ച് ബിജെപിക്ക് ഉത്തരമില്ല.
ഒരു അപ്രധാന സ്ഥാനാർഥിയുടെ പത്രിക പോലും തെരഞ്ഞെടുപ്പുകാലത്ത് തള്ളി പോകുന്നത് തീർത്തും നിരുത്തരവാദപരമായി അതിനെ കണ്ടു എന്നതിന് ഉദാഹരണമാണ് . ഇവിടെ സ്ഥാനാർഥിത്വം തള്ളി പോയതോ മഹിളാമോർച്ച സംസ്ഥാന പ്രസിഡണ്ട് നിവേദിത സുബ്രഹ്മണ്യന്റേതാണ്. ഗുരുവായൂരിലെ സ്ഥാനാർത്ഥിയായാണ് അവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിജെപിയുടെ പ്രധാന വനിതാ നേതാക്കളിൽ ഒരാൾ കൂടിയാണ് നിവേദിത. ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് സമിതിയിൽ നിവേദിത നിയോഗിക്കപ്പെട്ടത്.
തലശ്ശേരിയിൽ തള്ളി പോയത് കണ്ണൂർ ജില്ലാ പ്രസിഡണ്ടിന്റെ പത്രികയാണ്. കണ്ണൂരിൽ ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന സീറ്റുകളിൽ ഒന്നാണ് തലശ്ശേരി. ഈ മണ്ഡലത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ പ്രചാരണത്തിന് എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.
ഗുരുവായൂരിലും തലശ്ശേരിയിലും കഴിഞ്ഞ തവണ ബിജെപി ഇരുപതിനായിരത്തിൽ കൂടുതൽ വോട്ട് നേടിയിരുന്നു എന്നതാണ് ശ്രദ്ധേയം. രണ്ടിടത്തും ഡമ്മി സ്ഥാനാർഥികളും ഇല്ല. ഈ വോട്ടുകൾ ആർക്ക് പോൾ ചെയ്യപ്പെടും എന്നതാണ് തർക്ക വിഷയം.
നാമനിർദേശ പത്രിക തയ്യാറാക്കുന്നതിനും സമർപ്പിക്കുന്നതിനും വളരെ ശ്രദ്ധ മുന്നണികൾ പുലർത്താറുണ്ട്. ഇതിൽ സ്പെഷ്യലൈസ് ചെയ്ത ആളുകളുടെ സേവനങ്ങളും തേടാറുണ്ട്. രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബി ജെ പി. സർവ്വ സജ്ജമെന്ന് നേതാക്കൾ പ്രഖ്യാപിക്കുമ്പോഴും എങ്ങനെയാണ് പ്രധാനപ്പെട്ട മണ്ഡലങ്ങളിലെ പ്രധാനപ്പെട്ട രണ്ട് സ്ഥാനാർഥികളുടെ നാമനിർദേശപത്രിക തള്ളി പോയത് എന്ന് പറയാൻ ബിജെപിക്ക് ആവുന്നില്ല.