IndiaNEWS

ചിക്കമഗളൂരൂ എന്ന ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് 

ന്ത്യയുടെ സ്വിറ്റ്സർലൻഡ് തന്നെയാണ് കർണാടകയിലെ ചിക്കമഗലൂരൂ.പച്ചപുതച്ച മലനിരകളും താഴ് വാരങ്ങളും കൈയെത്തും ദൂരത്തുകൂടി തെന്നിനീങ്ങുന്ന കോട മഞ്ഞും നിശബ്ദത തളംകെട്ടിയ പരിസരങ്ങളും അതിനിടയിൽ ഉയരുന്ന കാലികളുടെ കുടമണി ശബ്ദങ്ങളും അയൽവാസിയോടെന്നപോലെ കാണുന്ന ആരുടെ നേർക്കും ചിരിച്ചുകൊണ്ടു നീങ്ങുന്ന ഗ്രാമവാസികളും എല്ലാം ചേർന്ന് മറ്റെന്ത് വിശേഷണമാണ് ചിക്കമഗലൂരുവിന് നൽകുക! ഇനിയും കണ്ണേറ് തട്ടാത്ത ഇവിടുത്തെ ചില കാഴ്ചകളിലേക്ക്..
*കെമ്മന്‍ഗുണ്ടി
കർണ്ണാടകയിലെ ചിക്കമഗളുരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന കെമ്മന്‍ഗുണ്ടി ഒരു കാലത്ത് മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ വോഡയാർ നാലാമന്‍റെ വേനൽക്കാല വസതി സ്ഥിതി ചെയ്തിരുന്ന ഇടമായിരുന്നു. വെള്ളച്ചാട്ടങ്ങൾ കൊണ്ടും താഴ്വരകൾ കൊണ്ടും മനോഹരമായ ലാൻഡ്സ്കേപ്പുകൾ കൊണ്ടുമൊക്കെ പ്രസിദ്ധമാണ് കെമ്മൻഗുഡി.
കർണ്ണാടകയിലെ ചിക്കമഗളൂരിൽ തരികെരെ താലൂക്കിലാണ് പ്രകൃതി ഭംഗിയുടെ പേരിൽ ഏറെ പ്രശസ്തമായിരിക്കുന്ന കെമ്മൻഗുഡി സ്ഥിതി ചെയ്യുന്നത്. കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ മുല്ലയാനഗിരി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.ഹിമാലയത്തിനും നീലഗിരി മലനിരകൾക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന പർവ്വത നിരകളിൽ ഉയരത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനമാണ് ഈ മലയ്ക്കുള്ളത്.
*ബാബാ ബുധഗിരി
ഹിന്ദു മുസ്ലീം മത വിശ്വാസികൾ ഒരുപോലെ പുണ്യകരമായി കണക്കാക്കുന്ന ഇടമാണ് ബാബാ ബുധഗിരി.സൂഫി സന്യാസിയായിരുന്ന ഹസ്രത് ദാദാഹയാത് കലന്തറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയിലാണ് ഇവിടം കുടുതൽ പ്രശസ്തമായിരിക്കുന്നത്.
*ഹെബ്ബെ ഫാൾസ്
കെമ്മൻഗുഡിയിൽ നിന്നും എട്ടു കിലോമീറ്റർ ഡൗൺ ട്രക്ക് ചെയ്താൽ എത്തുന്ന ഇടമാണ് ഹെബ്ബെ ഫാൾസ്. ഡൊഡ്ഡ ഹെബ്ബെ എന്നും തിക്ക ഹെബ്ബെ എന്നും പേരായി രണ്ടു വ്യത്യസ്ത വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. എന്നാൽ ഇവിടെ ഇപ്പോൾ ആളുകൾ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. സമീപ പ്രദേശങ്ങളിൽ കടുവകൾ എത്തുന്നതാണ് ഇതിനു കാരണം.
*കൽഹാട്ടി വെള്ളച്ചാട്ടം
വെള്ളച്ചാട്ടത്തിലെ ശിവക്ഷേത്രം അല്ലെങ്കിൽ ശിവക്ഷേത്രത്തിലെ വെള്ളച്ചാട്ടം അല്ലെങ്കിൽ ഇതു രണ്ടുമാണ് കൽഹാട്ടി.
കെമ്മൻഗുണ്ടിയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് കൽഹാട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ചന്ദ്രദ്രോണ മലനിരകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ അതിമനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്.ഇതിന്റെ സമീപത്തുതന്നെയാണ് ശിവനെ ആരാധിക്കുന്ന വീരഭദ്ര ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.ശിവരാത്രികളിൽ കാടിറങ്ങി എത്തുന്ന ഭക്തർ ഒഴുക്കുന്ന മൺചിരാതുകളുടെ വെട്ടം വെള്ളച്ചാട്ടത്തിന് അഭൗമമായ സൗന്ദര്യം നൽകുന്നു.
നീലഗിരിയേയും ആ കുന്നുകളിലെ ഊട്ടി,ദോഡാബേട്ട,പൈക്കര.. തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും നമുക്കറിയാം.എന്നാൽ എല്ലാത്തിനുമെന്നപോലെ ഈ കുന്നുകൾക്കും ഒരു മറുവശമുണ്ട്.അതു പക്ഷെ നമ്മൾക്കറിയുകയുമില്ല.നീലഗിരി മലനിരകൾ നൂറുകണക്കിന്‌ അരുവികളെയാണ് സൃഷ്ടിക്കുന്നത്. ഇവ മുഖ്യമായും മഴക്കാലത്താണ്‌ പ്രത്യക്ഷമാകുക.വേനൽക്കാലത്ത് ഇവ വറ്റിപ്പോകുന്നു.ഇത്തരം ചെറിയ അരുവികൾ ഒന്നു ചേർന്ന് താഴേക്ക് ഒഴുകി മൊയാറിലോ ഭവാനിയിലോ ചേരുന്നു.നദിയെന്നു പറയാവുന്ന വലിപ്പമുള്ളത് സിഗൂർ നദിയാണ്‌. ഊട്ടിയിലെ തടാകത്തിനു മേലെയുള്ള ചരിവുകളിലൂടെ താഴേക്ക് ഒഴുകുന്ന ഇത് സിഗൂർ ഘട്ടങ്ങളിലൂടെ (പേരിനു കാരണം) ഒഴുകി മൊയ്യാറിൽ ചേരുന്നു. ഈ നദിയാണ്‌ പിന്നീട് കൽഹാട്ടി വെള്ളച്ചാട്ടം സൃഷ്ടിക്കുന്നത്.ഏതാവുത് പുരിഞ്ചതാ..?
നീലഗിരി മലനിരകളിൽ നിന്ന് ഊറ്റുറവയായി ജൻമമെടുത്ത് അതിന്റെ മറുഭാഗത്തുകൂടി താഴേക്ക് പിച്ചവച്ച് തമിഴ്നാടിനും കേരളത്തിലെ സുൽത്താൻ ബത്തേരിക്കുമൊക്കെ(വളരെ ദൂരത്തിൽ) ഇടയിലൂടെ കർണാടക കാട്ടിലൂടെ മൈസൂരു, നഞ്ചൻഗോഡ് പ്രദേശങ്ങളിൽ വെളിപ്പെടാതെ ചിക്കമഗലൂരിന് സമീപം പ്രത്യക്ഷപ്പെടുന്ന ഒരു വെള്ളച്ചാട്ടമാണ് ഇതെന്ന്.
*ഇസഡ് പോയന്റ്
കെമ്മൻഗുഡിയിലെ ഏറ്റവും മനോഹരമായ വ്യൂ പോയിന്റുകളിലൊന്നാണ് ഇസഡ് പോയന്റ്. ഇവിടുത്തെ രാജ്ഭവനിൽ നിന്നും 45 മിനിറ്റ് സമയം യാത്ര ചെയ്താൽ മാത്രമേ ഇസഡ് പോയിന്‍റിലെത്താൻ സാധിക്കൂ. സൂര്യോദയം കാണുവാൻ പറ്റിയ സ്ഥലം കൂടിയാണിത്.
*അയ്യങ്കരെ തടാകം
ചിക്കമംഗളൂറിൽ നിന്നും 18 കിലോമീറ്റർ ദൂരമുണ്ട് അയ്യങ്കരെ തടാകത്തിലേക്ക് (ayyanakere lake).  മനോഹരമായ കാഴ്ചകളിൽ ഒന്നാണ് അയ്യങ്കരെ തടാകം. ബാബ ബുദൻ ഗിരിയുടെ താഴ്‌വാരത്താണ് ഈ തടാകം.കർണാടകയിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ തടാകങ്ങളിൽ ഒന്നുമാണിത്. രൂക്മങ്ങട രാജാവാണ് ഈ തടാകം നിർമിച്ചെന്നാണ് ചരിത്രത്തിൽ പറയുന്നത്.
ചിക്കമഗളുരുവിൽ നിന്നും 17 കിലോമീറ്റർ അകലെയാണ് കെമ്മൻഗുണ്ടി സ്ഥിതി ചെയ്യുന്നത്. 33 കിലോമീറ്റർ അകലെയുള്ള ബിരൂരാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.ഭദ്ര ഡാം, മനിക്യധാര ഫാൾസ്, ഭദ്ര വന്യജീവി സങ്കേതം, കോഫീ മ്യൂസിയം തുടങ്ങി നിരവധി മറ്റു  കാഴ്ചകളാലും സമ്പന്നമാണ് ഈ പ്രദേശങ്ങൾ.

Back to top button
error: