KeralaNEWS

മുഖശ്രീ നഷ്ടപ്പെട്ട കേരളം 

ലപ്പുരയും ചെമ്മൺ പാതയും കുടമണി കിലുക്കവുമായി നീങ്ങുന്ന കാളവണ്ടികളും പച്ചപ്പട്ട് വിരിച്ച നെൽപ്പാടങ്ങളും അതിന് കൈവഴിയായി ഒഴുകുന്ന അസംഖ്യം നീർച്ചാലുകളും ഓലമടലുകളും കൊതുമ്പും ക്രാഞ്ഞിലുമെല്ലാം  വീണുകിടക്കുന്ന തെങ്ങിൻ തോപ്പുകളും എല്ലാം ചേർന്ന സുന്ദര കാഴ്ചയായിരുന്നു ഒരിക്കൽ കേരളമെന്ന കുളിർമ്മ.ഇന്ന് വിട്ടൊഴിയാത്ത മഴയും കഠിന വെയിലും കെട്ടിപ്പൊക്കിയ ബഹുനില മന്ദിരങ്ങളിൽ അയൽക്കാരനെപ്പോലും അറിയാതെ ശ്വാസം മുട്ടിയുള്ള താമസവും എല്ലാം ചേർന്ന് രോഗികളുടെ നാടായി മാറിയിരിക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാട്.മുക്കിനു മുക്കിനുള്ള ബേക്കറികൾക്കും കോഴിക്കടക്കൾക്കും ഒപ്പം മെഡിക്കൽ സ്റ്റോറുകളും ഇന്ന് ധാരാളം ഉയർന്നുവരുന്നുണ്ടെന്നത് നാം ശ്രദ്ധിക്കാതെയും പോകുന്നു.പാണ്ടിലോറി വാളയാർ ചുരമിറങ്ങി വന്നില്ലെങ്കിൽ നാം ഇന്ന് പട്ടിണിയിലുമാകും.
  1. നീണ്ടു നിവർന്നു കിടക്കുന്ന കൃഷിയിടങ്ങളോടൊപ്പം ഓലമേഞ്ഞ വീടുകളും കടകളുമൊക്കെ ചേർന്ന ഗ്രാമങ്ങൾ ശരിക്കും മുഖശ്രീ തന്നെയായിരുന്നു കേരളത്തിന്.ഇന്ന് നാട്ടിന്‍പുറങ്ങളില്‍ നിന്ന് ഇതെല്ലാം അന്യമായിരിക്കയാണ്. ഗ്രാമീണതയുടെ അടയാളപ്പെടുത്തലുകളായിരുന്നു ഇത്തരം ഓലമേഞ്ഞ കെട്ടിടങ്ങളൾ. ഇടവഴികളിലെ കവലകളില്‍ മണ്‍കട്ട കൊണ്ടുതീര്‍ത്ത ചുവരുകളില്‍ ഓലമേഞ്ഞ മേല്‍ക്കൂരയില്‍ പണിത ചായക്കടകളും അവിടുത്തെ നാടന്‍ വര്‍ത്തമാനങ്ങളും പുതുതലമുറയ്ക്ക് ഇന്നു വിസ്മയക്കാഴ്ച മാത്രം.ഒരു കാലത്ത് ഗ്രാമപ്രദേശങ്ങളിലെ മിക്ക വീടുകളും ഓല മേഞ്ഞതായിരുന്നു.പിന്നീട് ഓടും ആസ്ബറ്റോസ് ഷീറ്റുകളും വന്നു.അതിനുശേഷമാണ് വാർക്കക്കെട്ടിടങ്ങളുടെ വരവ്.ഗൾഫ് പണം ഇതിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

    വൃശ്ചികം, ധനു മാസങ്ങളില്‍ തേങ്ങയിടുമ്പോള്‍ തെങ്ങുകളില്‍ നിന്ന് മൂന്നും നാലും ഓലകള്‍ വീതം വെട്ടാറുണ്ടായിരുന്നു.ഈ ഓലകള്‍ തലയും വാലും (തുച്ചവും കടമ്പും) വെട്ടിമാറ്റി നെടുകെ പിളര്‍ന്ന് വെള്ളത്തില്‍ കുതിര്‍ത്തു മെടഞ്ഞെടുത്താണ് വീടുകൾ മേഞ്ഞിരുന്നത്.ഓല മെടയല്‍ അക്കാലത്ത് നാടിന്റെ ഉത്സവവുമായിരുന്നു.അതേപ്പോലെ കപ്പ (മരച്ചീനി) പറിക്കലും, അത് അരിഞ്ഞ് വാട്ടിയെടുക്കുന്നതും.കപ്പയും ചക്കയും ചേമ്പും ചേനയുമൊക്കെ കഴിച്ച് വളർന്ന അക്കാലത്തെ മനുഷ്യർ യാതൊരുവിധ അസുഖങ്ങളുമില്ലാതെ നൂറുവയസ്സിനടുത്തുവരെ ജീവിച്ചുമിരുന്നു.അന്ന് സിസേറിയനുമില്ലായിരുന്നു പേറ്റിച്ചികളായിരുന്നു പേറ് എടുത്തിരുന്നത്.ഇന്ന് നികത്തപ്പെട്ട കൃഷിയിടങ്ങളിൽ ആദ്യം ഉയരുന്നത് ആശുപത്രികളാണ്.ദൈവത്തിന്റെ സ്വന്തം നാട് രോഗികളുടെ സ്വന്തം നാടായി മാറിയതാണ് കാരണം.

    രാഷ്ട്രീയമോ ജാതിയോ മതമോ ഗ്രാമവാസികൾ തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നുമില്ല അക്കാലത്ത്.ഓണമോ ഈദോ ക്രിസ്മസോ.. എന്തുമാകട്ടെ, കേരളമാകെ അതിന്റെ ആഘോഷത്തിലമരും.ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയുമായിരുന്നു.നാടിന്റെ ആവേശവും അഭിമാനവുമാണ് ഇവിടുത്തെ ഓരോ ആഘോഷവും. മിത്തുകൾ ജീവൻ വെച്ചാടുന്ന തെയ്യക്കോലങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടനമോ, അലങ്കാരവിളക്കുകൾ കൊണ്ട് അലംകൃതമായ പളളിപ്പറമ്പിലെ പെരുന്നാളോ തുടങ്ങി ഒരു സഞ്ചാരിയെ ആശ്ചര്യപൂരത്തിലാറാടിക്കാൻ പോന്ന ആഘോഷങ്ങള്‍ നാടിന്റെ ഏതെങ്കിലുമൊരു ദിക്കിൽ എപ്പോഴുമുണ്ടാകും.

    അതുപോലെ ജാതിമതഭേദമന്യേയുള്ള കൂട്ടംചേരലുകളായിരുന്നു അന്നത്തെ ക്ലബുകളും അതിനോട് അനുബന്ധിച്ചുള്ള വായനശാലകളും.കപ്പ പറിച്ച കാലാകളിലും കൊയ്ത്തൊഴിഞ്ഞ പാടത്തുംവരെ വോളിബോളിന്റെയോ അല്ലെങ്കിൽ ഫുട്ബോളിന്റെയോ ടൂർണമെന്റുകൾ നടന്നിരുന്ന കാലംകൂടിയായിരുന്നു അത്.മികച്ചൊരു വായനാസംസ്കാരം കേരളത്തിൽ വാർത്തെടുക്കാൻ ആ വായനശാലകൾക്ക് കഴിഞ്ഞുമിരുന്നു.ഇന്ന് വായനശാലകൾ എവിടെ, ക്ലബുകൾ എവിടെ..? ഉള്ള ക്ലബുകൾ മദ്യവും മയക്കുമരുന്നും സേവിക്കാനുള്ള ഇടങ്ങൾ മാത്രവുമായി മാറി.കലയ്ക്കും കായികത്തിനും വേണ്ടിയുള്ള ഏത് കൂട്ടായ്മയും ആദരിക്കപ്പെടേണ്ടതാണ്.ജാതിക്കും മതത്തിനും വെറുപ്പിന്റെ വിതരണത്തിനും വേണ്ടിയുള്ള കൂട്ടംകൂടലുകൾ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും പാരസ്പര്യത്തിനും വൻതോതിൽ വെല്ലുവിളി ഉയർത്തുന്ന സമകാലിക സന്ദർഭത്തിൽ പ്രത്യേകിച്ചും.കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി തിരികെ മാറ്റുക ഇനി അസാധ്യമായിരിക്കാം. പക്ഷെ ശ്രമിച്ചാൽ നമുക്ക് നമ്മുടെ സ്വന്തം നാടായി കേരളത്തെ മാറ്റാവുന്നതേയുള്ളൂ.ഇന്ത്യയുടെ എന്നത്തേയും മുഖശ്രീ ആയി…

Back to top button
error: