
കുഞ്ഞിരാമായാണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന് വേണ്ടി സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോയുടെ വേഷത്തിലാണ് ടൊവിനോ തോമസ് അഭിനയിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോയുടെ കഥയെന്നാണ് സംവിധായകന് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച മിന്നല്‍ മുരളി കോവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തി വെക്കുകയും പിന്നീട് ആലുവ മണപ്പുറത്ത് ഉയര്‍ന്ന സെറ്റ് പൊളിക്കല്‍ വിവാദവുമായി ബന്ധപ്പെട്ടൊക്കെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മുരളി എന്ന സാധാരണക്കാരന് അമാനുഷിക ശക്തി കൈവരുന്ന കഥയാണ് ചിത്രം പറയുന്നത്
https://www.youtube.com/watch?v=IUt01u26WOM
അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സമീര്‍ താഹിറാണ്. വിദേശിയായ വ്ളാഡ് റിംബര്‍ഗ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മനു ജഗത് ആണ്. ലിവിംഗ്സ്റ്റണ് മാത്യു എഡിറ്റിംഗും ഷാന്‍ റഹ്മാന് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ വന്‍സ്വീകാര്യത ലഭിച്ചിരുന്നു.