
കോവിഡ് എന്ന മഹാമാരി ലോകത്തിന്റെ പല കോണിലും ഏറിയും കുറഞ്ഞും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ കോവിഡ് വാക്സിന് വിതരണം ആരംഭിച്ചെങ്കിലും ജനങ്ങളുടെ ജീവിതരീതി പഴയ അവസ്ഥയിലേക്ക് തിരികെയെത്തുന്ന സാഹചര്യമായിട്ടില്ല. കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുവെന്നതാണ് ആശ്വാസത്തിന് വക നല്കുന്ന കാര്യം. എന്നാല്‍ ഇപ്പോഴിതാ കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം ഡല്‍ഹിയില്‍ ഒരാളില്‍ കണ്ടെത്തിയിരിക്കുന്നുവെന്ന വാര്‍ത്ത ആശങ്കയോടെയാണ് നോക്കി കാണുന്നത്. പുതിയ വകഭേദം കോവിഡ് വാക്സിനോട് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നത് ഇതുവരെയും വ്യക്തമായിട്ടുമില്ല. B.1.351 എന്ന വകഭേദം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്. ഇന്ത്യയടക്കം 44 രാജ്യങ്ങളിലേക്ക് ഈ വകഭേദം പടര്‍ന്നിരുന്നു.
കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം സംഭവിച്ച ഒരു രോഗി ആദ്യമായിട്ടാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരിയില്‍ ഇതേ തരത്തിലുള്ള നാല് രോഗികളുടെ കേസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തിയ മലയാളിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് തിരിച്ചറിഞ്ഞത്. ഇയാളെ ഡല്‍ഹിയിലെ ലോക് നായക് ഹോസ്പിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള കോവിഡ് വകഭേദമാണെന്ന് തിരിച്ചറിഞ്ഞത്. രോഗിക്ക് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാല്‍ വൈദ്യ സഹായം ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നെഗറ്റീവ് ആകും വരെ രോഗി ഐസൊലേഷനില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു