IndiaNEWS

കീറിയ ജീന്‍സ് വിവാദം; ബിജെപി നേതാക്കളുടെ കാല്‍മുട്ടുകള്‍ കാണുന്ന ചിത്രങ്ങള്‍ പങ്കുവെച്ച്‌ പ്രിയങ്ക

യുവതലമുറകള്‍ക്കിടയില്‍ തരംഗമായ കീറിയ മാതൃകയിലുളള ജീന്‍സിനെ കുറിച്ചുളള ഉത്തരാഘണ്ഡ് മുഖ്യമന്ത്രിയുടെ തീരഥ് സിങ് റാവത്തിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ പഴയകാല ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചാണ് ഈ പ്രസ്താവനയില്‍ പ്രിയങ്ക പ്രതികരിച്ചത്.

‘ഈശ്വരാ അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു”, ആര്‍എസ്എസിന്റെ മുന്‍ യൂണിഫോമായ വെള്ള ഷര്‍ട്ടും കാക്കി ട്രൗസറുമണിഞ്ഞ ബിജെപി നേതാക്കളുടെ പഴയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭഗ്വതിന്റെ ഫോട്ടോയും ട്വീറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ബാലാവകാശ കമ്മിഷന്‍ നടത്തിയ ഒരു വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നതിനിടയിലാണ് കീറിയ ജീന്‍സിനെ കുറിച്ചുളള പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്. കീറിയ ജീന്‍സിട്ട ഒരു സ്ത്രീ സന്നദ്ധസംഘടനാ പ്രവര്‍ത്തനം നടത്തുന്നത് കണ്ട് താന്‍ ഞെട്ടിയെന്നും ഇവര്‍ ഇത്തരം വേഷവിധാനത്തിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

‘ഇത്തരത്തിലുളള ഒരു സ്ത്രീ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സമൂഹത്തിലേക്കിറങ്ങുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയാണെങ്കില്‍ നാം എന്തുതരത്തിലുളള സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്? നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്നത്. ഇതെല്ലാം ആരംഭിക്കുന്നത് വീട്ടില്‍ നിന്നാണ്. നാം എന്തുചെയ്യുന്നോ അത് നമ്മുടെ കുട്ടികള്‍ പിന്തുടരും. വീട്ടില്‍ ശരിയായ സംസ്‌കാരം പഠിപ്പിക്കുന്ന കുട്ടി അവന്‍ എത്ര ആധുനികരായാലും ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുകയില്ല.’ മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ നഗ്‌നമായ കാല്‍മുട്ട് പ്രദര്‍ശിപ്പിക്കുന്നതില്‍ അസംതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി വിദേശീയര്‍ ഇന്ത്യയുടെ യോഗയും ദേഹം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രധാരണവും പിന്തുടരാന്‍ ശ്രമിക്കുമ്പോള്‍ നാം നഗ്‌നതയ്ക്ക് പിറകേയാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശീയര്‍ ഇന്ത്യയുടെ സംസ്‌കാരത്തെ അനുകരിച്ച് യോഗ ചെയ്യുകയും ശരീരം മുഴുവനായും മറയ്ക്കുന്ന വസ്ത്രം ധരിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ നഗ്‌നതാപ്രദര്‍ശനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും റാവത്ത് പ്രസ്താവിച്ചിരുന്നു. റാവത്തിന്റെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന് പരക്കെ വിമര്‍ശിക്കപ്പെടുകയും ആയിരക്കണക്കിനാളുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള മനസ്ഥിതിയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ജയ ബച്ചനും പ്രതികരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker