എല്ലായിടത്തും എത്തണം, ധർമ്മടത്ത് മത്സരിക്കാതെ ഇരിക്കാനുള്ള കാരണം പറഞ്ഞ് കെ സുധാകരൻ
ധർമടത്ത് മത്സരിക്കാൻ കെപിസിസിയും ഹൈക്കമാൻഡും തന്നോട് ആവശ്യപ്പെട്ടിരുന്നു

ധർമ്മടത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കണ്ണൂർ എം പി കെ സുധാകരൻ. മത്സരിക്കണമെന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ മത്സരിക്കാൻ കഴിയാത്ത ചുറ്റുപാടാണ് തനിക്കുള്ളതെന്നും കെ സുധാകരൻ പറഞ്ഞു. മണ്ഡലങ്ങളിൽ നിരവധി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്.
ധർമടത്ത് മത്സരിക്കാൻ കെപിസിസിയും ഹൈക്കമാൻഡും തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് സുധാകരൻ പറഞ്ഞു. ആ നിർദ്ദേശത്തിനു നന്ദി പറയുന്നു. ഇക്കാര്യം ജില്ലാ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി. കണ്ണൂർ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ യുഡിഎഫിനെ വിജയിപ്പിക്കുക എന്നതാണ് തന്റെ രാഷ്ട്രീയ അജണ്ടയെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം ധർമടത്തെ സ്ഥാനാർഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാർഥി വരണം എന്ന് തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.