NewsThen Special

ഇത് അറബിക്കടല്‍ വരെ വിറ്റ സര്‍ക്കാര്‍: സലിം കുമാര്‍

നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുംതോറും പാര്‍ട്ടികളെല്ലാം ശക്തമായ പ്രചരണത്തിലേക്ക് കടന്നു കഴിഞ്ഞു. നിലവിലെ സ്ഥിതി പരിശോധിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്സിന് വേണ്ടിയിട്ടാണ് ഓരോ ദിവസവും സിനിമാ താരങ്ങള്‍ പ്രചാരകരായി എത്തുന്നത്. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് വേണ്ടി പ്രചാരണ വേദിയിലെത്തിയത് സലിം കുമാര്‍ ആണ്. വേദിയില്‍ ചിരി നിറച്ച് സലിം കുമാര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. സലിം കുമാറിന്റെ പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

‘അറബിക്കടല്‍ വിറ്റ് അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച സര്‍ക്കാരാണിത്. സ്ത്രീകള്‍ ആത്മസംതൃപ്തിയോടെ കഴിഞ്ഞ 5 വര്‍ഷങ്ങളാണ് കടന്നു പോയതെന്ന് പറയുമ്പോളും വാളയാറിലെ പെണ്‍കുട്ടികളുടെ ശരീരം ഇപ്പോഴും നമുക്ക് മുന്‍പിലുണ്ട്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത് ധര്‍മ്മടത്ത് വരുന്നത് എന്ത് ആത്മസംതൃപ്തിയാണ്. കോവിഡ് ബാധിച്ച സ്ത്രീയെ ആംബുലന്‍സിനുള്ളില്‍ പീഡിപ്പിച്ചു. അതില്‍ എന്ത് ആത്മസംതൃപ്തിയാണ് ലഭിച്ചത്. പക്ഷേ സ്വപ്‌നയ്ക്ക് മാത്രം ആത്മസംതൃപ്തി ലഭിച്ചു. പത്താംക്ലാസ്സുകാരിക്ക് മുഖ്യമന്ത്രിയേക്കാള്‍ ശബളം നല്‍കി ആത്മസംതൃപ്തി നല്‍കി’ സലിം കുമാര്‍ പറഞ്ഞു

എല്ലാം ശരിയാക്കി തന്നവര്‍ പൊക്കോണമെന്നും അതിനുള്ള തീയതിയാണ് ഏപ്രില്‍ 6 എന്നും സലിംകുമാര്‍ പറഞ്ഞു. സലിം കുമാറിന്റെ പ്രസംഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് നിറയുന്നത്. ബാലുശേരിയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് വേണ്ടി രമേശ് പിഷാരടിയും കഴിഞ്ഞ ദിവസം പ്രചരണപരിപാടിക്ക് എത്തിയിരുന്നു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker