NewsThen Special

ഏറ്റുമാനൂർ വിവാദങ്ങളിൽ കേരള കോൺഗ്രസിനും സ്ഥാനാർത്ഥിക്കും പങ്കില്ല, വിവാദങ്ങൾ യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല: ഉമ്മൻചാണ്ടി

കോട്ടയം: സീറ്റിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഒന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കില്ലന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ചേർന്ന മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്നണിയിലെ സീറ്റ് വിഭജനത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസിന് സീറ്റ് നൽകുകയായിരുന്നു. ഘടകകക്ഷിയുടെ സീറ്റ് ആയതിനാൽ ലതിക സുഭാഷിന് സീറ്റ് നൽകാനായില്ല. മറ്റൊരു സീറ്റ് ഇവർ ആവശ്യപ്പെട്ടെങ്കിലും അത് ഏറെ വൈകിയിരുന്നു. ഈ സാഹചര്യത്തിലാണ് അവർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. എന്നാൽ, ഇത്തരം പ്രതിസന്ധിയിൽ യു.ഡി.എഫ് പതറില്ല. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഉജ്വല വിജയം യു.ഡി.എഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ.പ്രിൻസ് ലൂക്കോസിന് ഒ.വി ലൂക്കോസിൻ്റെ മകൻ എന്ന നിലയിൽ കോൺഗ്രസ് പാരമ്പര്യമാണ് ഉള്ളതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഞങ്ങൾ യൂത്ത് കോൺഗ്രസായി നടന്ന കാലം മുതൽ കേട്ട പേരാണ് ഒ.വി ലൂക്കോസിൻ്റേത്. കേരള കോൺഗ്രസിൻ്റെ ഭാഗമായെങ്കിലും ഒ.വി ലൂക്കോസിനും മകൻ പ്രിൻസ് ലൂക്കോസിനും ഉള്ളത് കോൺഗ്രസിൻ്റെ പാരമ്പര്യം ആണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ യു.ഡി.എഫ് പ്രവർത്തകർ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ പിണറായി സർക്കാർ പാർട്ടിക്കാരെ പിൻവാതിലിലൂടെ നിയമിക്കുകയാണ് ചെയ്തത് അത്. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ എസ്.എഫ്.ഐകാർക്ക് കേസെടുത്ത പൊലീസ് പരീക്ഷ നടത്തിയപ്പോൾ പൂജ്യം മാർക്ക് ആണ് ലഭിച്ചത്.

ഇവരുടെ തട്ടിപ്പുകൾ വെളിയിൽ കൊണ്ടുവന്നത് പിണറായിയുടെ പൊലീസ് തന്നെയാണ്. ഈ മുന്നണി ഒരുതവണകൂടി അധികാരത്തിൽ വരരുത് എന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും യു.ഡി.എഫ് ചെയർമാർമാനും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ കെ.ജി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker