
സി.പി.എം-ബി.ജെ.പി ഡീല്‍ സംബന്ധിച്ച ആര്.എസ്എസ് സൈദ്ധാന്തികന്‍ ആര്. ബാലശങ്കറിന്റെ ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയില്‍ അന്തിമ വിധി വന്നാല്‍ എല്ലാവരേയും ആലോചിച്ച ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എൽഡിഎഫിന് ഒരു വർഗീയ ശക്തികളുടെയും സഹായം ആവശ്യമില്ല. ആർ.ബാലശങ്കറുമായി ബന്ധപ്പെട്ട വിവാദം ബിജെപിയുടെ ആഭ്യന്തര കാര്യമാണെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ശബരിമല വിഷയമാക്കുന്നതിന്റെ ഉദ്ദേശം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പാര്‍ട്ടിക്കും പാര്‍ട്ടിയുടേതായ നിലപാട് വേണം. അത് സംശുദ്ധമായിരിക്കണം. തെരഞ്ഞെടുപ്പ് വരുമ്പള് നാലു വോട്ടിന് വേണ്ടി അവസരവാദപരമായ നീക്കങ്ങള്‍ നടത്താന്‍ പാടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ പിന്നിലായ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. ഇടതുപക്ഷത്തെ നേരിടാന്‍ നേരായ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. കേരളം ഒട്ടും മാറില്ല, ഒരു പുരോഗതിയിലും ഉണ്ടാകില്ല എന്ന പഴയ ധാരണ തിരുത്താന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.