KeralaNEWS

രാജ്യസഭയിലേക്ക് ചെറിയാൻ ഫിലിപ്പിന് മുൻഗണന, പട്ടികയിൽ മന്ത്രിമാരും

നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റും ആണ് ലഭിക്കുക

നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പും വരികയാണ്. ഏപ്രിൽ 12നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ഒഴിവു വന്ന മൂന്നു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

വയലാർ രവി, പി വി അബ്ദുൽ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ രാജ്യസഭാ കാലാവധി ആണ് അവസാനിക്കുന്നത്. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സിപിഐ എമ്മിന്റെയും പ്രതിനിധികളാണ് കാലാവധി അവസാനിച്ച് പടിയിറങ്ങുന്നത്.

നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റും ആണ് ലഭിക്കുക. അബ്ദുൽ വഹാബ് തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥി ആകുക. ബാക്കി രണ്ടു സീറ്റിലും സിപിഐഎം മത്സരിച്ചേക്കും. സിപിഐക്ക് നിലവിൽ ഒരു രാജ്യസഭാ സീറ്റ് ഉണ്ട്. മറ്റു ഘടകകക്ഷികളുടെ ആവശ്യം സിപിഐഎം തൽക്കാലം പരിഗണിക്കാൻ ഇടയില്ല.

ഒരു സീറ്റിലേക്ക് ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പിനെ പരിഗണിച്ചേക്കും എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. കഴിഞ്ഞ തവണ ഒഴിവു വന്നപ്പോൾ ചെറിയാൻ ഫിലിപ്പിനെ സ്ഥാനാർഥിയാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെ എളമരം കരീം രാജ്യസഭയിൽ എത്തുകയായിരുന്നു.

നിയമസഭയിലേക്ക് മത്സരിക്കാത്ത ഏതെങ്കിലും മന്ത്രിമാർ ആയിരിക്കും രണ്ടാമത്തെ സീറ്റിൽ മത്സരിക്കുക എന്നാണ് വിവരം. ഇ പി ജയരാജൻ,തോമസ് ഐസക്, എ കെ ബാലൻ,ജി സുധാകരൻ എന്നിവരിൽ ആരെയെങ്കിലും പരിഗണിച്ചേക്കും. കേന്ദ്ര കമ്മിറ്റി അംഗം വിജു കൃഷ്ണനും പരിഗണനയിലുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker