
കാസർഗോഡ് ചെറുവത്തൂരിൽ വിദ്യാർത്ഥികളായ മക്കളെ കൊന്ന് അച്ഛൻ ജീവനൊടുക്കി. ചെറുവത്തൂരിലെ മടിവയലിൽ ആണ് സംഭവം.
ഓട്ടോ ഡ്രൈവർ കെ ആർ രുകേഷ് ആണ് പത്തുവയസ്സുകാരി വൈദേഹിയെയും ആറുവയസുകാരൻ ശിവാനന്ദിനേയും കൊലപ്പെടുത്തിയതിനു ശേഷം ജീവനൊടുക്കിയത്. രുകേഷ് തൂങ്ങിമരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു മകൾ വൈദേഹിയുടെ പിറന്നാൾ. പിറന്നാൾ ആഘോഷിച്ചതിന്റെ അന്ന് വൈകീട്ട് കുട്ടികളുമായി മടിവയലിലെ വീട്ടിൽനിന്ന് രുകേഷ് ഇറങ്ങി. രുകേഷും കുട്ടികളും തിരിച്ചെത്താത്തതിനെ തുടർന്ന് അനുജൻ ഉമേഷ് അന്വേഷിക്കുന്നതിനിടയിലാണ് മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്.
കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശിയാണ് രുകേഷിന്റെ ഭാര്യ. ഒരു വർഷത്തിലധികമായി സബിയ സ്വന്തം വീട്ടിലാണ് താമസം. രണ്ടാഴ്ച മുൻപാണ് രുകേഷ് ഭാര്യവീട്ടിൽ നിന്ന് രണ്ടു കുട്ടികളെയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.