NewsThen Special

യുഡിഎഫില്‍ പ്രതിഷേധം അവസാനിക്കുന്നില്ല…

നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് യുഡിഎഫില്‍ പലയിടത്തും പ്രശ്‌നമവസാനിക്കുന്നില്ല. തുടരെയുളള രാജിയും ബിജെപിയിലേക്കുളള ഒഴുക്കും കാരണം എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ്. ഇപ്പോഴിതാ സീറ്റ് നിഷേധിച്ചതിലും സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിച്ചതിലും പ്രതിഷേധിച്ച് കെപിസിസി ഭാരവാഹികളും അംഗങ്ങളും ജില്ലാ ഭാരവാഹികളും പാര്‍ട്ടിയെ കൈയ്യൊഴിയുന്നതായിട്ടാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പാലക്കാട് കെപിസിസി മുന്‍ സെക്രട്ടറി പിജെ പൗലോസാണ് നേതൃത്വത്തിനെതിരെ മുന്നോട്ട് വന്നത്. മണ്ണാര്‍ക്കാട് മണ്ഡലം കണ്‍വന്‍ഷന്‍ ബഹിഷ്‌കരിച്ചുകൊണ്ടാണ് പിജെ പൗലോസ് രംഗത്തെത്തിയത്. കൊല്ലത്ത് എ വിഭാഗം സംഘടനാചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ രംഗത്ത് വന്നു. എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥിനെ കൊല്ലം സീറ്റില്‍ നിന്ന് വെട്ടിമാറ്റിയതാണ് എ ഗ്രൂപ്പ് തിരിയാന്‍ കാരണം.

അതേസമയം, അബ്ദുറഹ്മാന്‍ രണ്ടത്താണി പുനലൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി എത്തിയത് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല. ചടയമംഗലത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംഎം നസീറിന്റെ പ്രചാരണത്തില്‍ നിന്ന് ലീഗ് നേതാക്കളും വിട്ടുനിന്നു. മണലൂരില്‍ പേയ്‌മെന്റ് സീറ്റില്‍ പ്രതിഷേധിച്ച് 50 കോണ്‍ഗ്രസ് ഭാരവാഹികളാണ് തിങ്കളാഴ്ച രാജിവെച്ചത്.
നിലമ്പൂരില്‍ വിവി പ്രകാശ് സ്ഥാനാര്‍ത്ഥിയെന്ന വാര്‍ത്ത വന്നതോടെ ആര്യാടന്‍ ഷൗക്കത്ത് അനുകൂലികള്‍ മണ്ഡലം കമ്മിറ്റി ഓഫീസ് പൂട്ടി. പൊന്നാനിയില്‍ എഎം രോഹിത്തിനെതിരെ സിദ്ദീഖ് പന്താവൂര്‍ എതിര്‍പ്പുമായി രംഗത്തുണ്ട്.

ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തനും കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഡിസിസി പ്രസിഡന്റുമായ എഎ ഷുക്കൂര്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധത്തിലാണ്. ഷുക്കൂര്‍ പ്രതീക്ഷിച്ച അമ്പലപ്പുഴയില്‍ കെ.എസ് മനോജിനെ എത്തിക്കാന്‍ ചെന്നിത്തല കൂട്ടുനിന്നുവെന്നും ഷുക്കൂര്‍ പറയുന്നു. അതേസമയം, കര്‍ഷക സംസ്ഥാന പ്രസിഡന്റ് ലാല്‍ കല്‍പകവാടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങില്ലെന്ന നിലപാടിലാണ്.

കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് ടിഎം അഹമ്മദ് കബീര്‍ വിഭാഗം വിട്ടുനിന്നു. ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ മുസ്ലിം ലീഗിന്റ ശത്രുക്കളാണെന്നാണ് വി.കെ ഇബ്രാഹിം കുഞ്ഞ് പറയുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഐഎന്‍ടിയുസിയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുഡിഎഫ് എറണാകുളം മണ്ഡലം കണ്‍വന്‍ഷന്‍ വേദിയിലേക്ക് മാര്‍ച്ച് നടത്തി. ഇങ്ങനെ പോകുന്നു യുഡിഎഫിലെ ചില ഭിന്നതകള്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker