NEWS

മോഫിയകേസിൽ പൊലീസ് ഇൻസ്പെക്ടർ സുധീറിനെ പ്രതിചേർക്കണമെന്ന് നിയമവിദഗ്ദർ, സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ആവശ്യം

ഒക്ടോബർ 29 നാണ് മോഫിയ പർവീണിന്‍റെ പരാതി ഇൻസ്പെക്ടർ സുധീറിന് കിട്ടിയത്. ഒരു മാസം പൊലീസ് ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. ഭർത്താവിൽ നിന്നും ലൈംഗിക വൈകൃതപീഡനം ഉൾപ്പടെ പരാതിക്കാരി ചൂണ്ടിക്കാട്ടിയിട്ടും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് പൊലീസ് ശ്രമിച്ചത്

റണാകുളം: ആലുവയിൽ നിയമ വിദ്യാർത്ഥിനിയായ മോഫിയ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പൊലീസിന് കടുത്ത വീഴ്ച ഉണ്ടായതായി ബോധ്യപ്പെട്ടിട്ടും പൊലീസ് ഇൻസ്പെക്ടർ സുധീറിനെ പ്രതി ചേർക്കാത്തതിൽ വിമർശനവുമായി നിയമവിദഗ്ധർ. ആത്മഹത്യയ്ക്ക് കാരണമായവർ പ്രതികളായിട്ടുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് മോഫിയ കേസിൽ ഇൻസ്പെക്ടർ സുധീറിനെ പ്രതി ചേർക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നത്.

നിയമപരിരക്ഷ പ്രതീക്ഷിച്ചാണ് മോഫിയ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ മനോരോഗിയെന്ന വിളിയും അധിക്ഷേപവുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടായത്. ഭർത്താവ് സുഹൈലിന്‍റെയും വീട്ടുകാരുടെയും മാനസിക ശാരീരിക ഉപദ്രവങ്ങൾ അതിജീവിച്ച മോഫിയ പൊലീസ് ഓഫീസറുടെ അധിക്ഷേപത്തിലാണ് മാനസീകമായി തകർന്നത്. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് നടന്ന സംഭവങ്ങൾക്ക് കാരണക്കാരായവരെ, പ്രതിചേർക്കണമെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് നിലവിൽ നടന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രീം കോടതിയുടെ സുപ്രധാനമായ ഈ വിധിയുള്ളത് 2019ലെ ഒരു കേസിലാണ്.

ഒക്ടോബർ 29 നാണ് ഗാർഹിക പീഡനം നേരിടേണ്ടി വരുന്നു എന്ന മോഫിയ പർവീണിന്‍റെ പരാതി പൊലീസ് ഇൻസ്പെക്ടറായ സുധീറിന് കിട്ടിയത്. എന്നാൽ ഒരു മാസംസമയം പൊലീസ് ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഒഴികെ പ്രാഥമിക അന്വേഷണത്തിന് ശേഷമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാവൂ എന്ന ലളിതകുമാരി കേസിലെ സുപ്രീംകോടതി നിർദ്ദേശമാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്നവർ ഉന്നയിക്കുന്നത്. വ്യാപാരതർക്കം, അഴിമതി ആരോപണം, ദാമ്പത്യപ്രശ്നങ്ങൾ തുടങ്ങിയ പരാതികളിൽ കേസെടുക്കണമെങ്കിൽ പ്രാഥമിക അന്വേഷണം നടത്തണം. എന്നാൽ ഭർത്താവിൽ നിന്നും ലൈംഗിക വൈകൃതപീഡനം ഉൾപ്പടെ പരാതിക്കാരി ചൂണ്ടിക്കാട്ടിയിട്ടും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് പൊലീസ് ശ്രമിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് പരാതിക്കാരിയെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനുള്ള സാധ്യതയും പൊലീസ് തേടിയില്ല. കേസിൽ പ്രതി ചേർത്തില്ലെങ്കിൽ വകുപ്പ് തല നടപടി മാത്രമായിരിക്കും നിലവിൽ സസ്പെൻഷനിലായ സുധീറിന് നേരിടേണ്ടി വരിക.

Back to top button
error: