TRENDINGYouth

തോല്‍ക്കാന്‍ മനസില്ലാത്തവര്‍ കണ്ടുമുട്ടിയപ്പോള്‍: ശരണ്യയ്ക്ക് ഇത് പിറന്നാള്‍ സമ്മാനം

ക്യാന്‍സറിനെ അതിജീവിച്ച് പോരാടുന്ന ശരണ്യ ഏവര്‍ക്കും ഒരു മാതൃകയാണ്. ശരണ്യയുടെ മുഖത്തെ ചിരി തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ജീവിതത്തില്‍ തോറ്റു പോയെന്ന് തോന്നുന്നവര്‍ ശരണ്യയെ പറ്റി ഒരു നിമിഷം ഓര്‍ത്താല്‍, അവര്‍ കടന്നു വന്ന വഴിയിലേക്ക് നോക്കിയാല്‍ മനസിലാവും നമ്മളൊക്കെ എത്രമാത്രം നിസാരമായ വേദനകളിലൂടെയാണ് കടന്ന് വന്നിരിക്കുന്നതെന്ന്.

മാര്‍ച്ച് 15 ന് ശരണ്യയുടെ ജന്മദിനമായിരുന്നു. ഈ പിറന്നാള്‍ ദിനം ശരണ്യയ്ക്ക് ഏറെ പ്രീയപ്പെട്ടതാണ്. ജീവിതത്തിലേക്ക് തിരികെയെത്തിയ ശരണ്യയെ കാണാന്‍ ഈ ജന്മദിനത്തില്‍ ഒരാള്‍ എത്തിയിരുന്നു. കാന്‍സറിനെ ചെറു പുഞ്ചിരിയോടെ നേരിടുന്ന നന്ദു മഹാദേവയാണ് ശരണ്യയെ കാണാന്‍ ഈ ജന്മദിനത്തിലെത്തിയ അതിഥി. ശരണ്യയുടെ പ്രീയപ്പെട്ട സീമ ജി നായരാണ് നന്ദുവിനെ ശരണ്യയുടെ അടുത്തെത്തിച്ചത്. അതിജീവനത്തിന്റെ രാജുകുമാരനും രാജകുമാരിയുമെന്നാണ് ഇരുവരേയും സീമ ജി നായര്‍ വിശേഷിപ്പിച്ചത്. ഇരുവരും കൂടിക്കാഴ്ച നടത്തിയ കാര്യത്തെപ്പറ്റി സീമാ ജി നായര്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ കുറിച്ചത്

സീമാ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ ജീവിതം കാറ്റിലും തിരമാലയിലും പെട്ട കടലാസ് തോണി പോലെ ആയിരുന്നു.. എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ പിടിച്ചു നിന്നു.. ജീവിതയാത്രയിലെ ഓരോ ഏടിലും ഓരോ പാഠങ്ങള്‍ പഠിക്കാന്‍ ഉണ്ടായിരുന്നു.. പഠിക്കാന്‍ പ്രയാസമുള്ള പാഠങ്ങളും ഈസിയായ പാഠങ്ങളും.. ഈ ജീവിതം അങ്ങനെ ആണ്.. ഇന്നലെ മാര്‍ച്ച് 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാള്‍ ആയിരുന്നു.. അദിതി, രഞ്ജിത്, ഡിമ്പിള്‍, ശരണ്യ.. എല്ലാവരും പ്രിയപ്പെട്ടവര്‍.. പക്ഷെ എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു.. അതിജീവനത്തിന്റെ രാജകുമാരി.. എന്റെ മോള്‍ക്ക് ഞാന്‍ ഇന്നലെ കൊടുത്ത ബിഗ് സര്‍പ്രൈസ്, അതിജീവനത്തിലെ ‘രാജകുമാരനു’മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു.. പെട്ടെന്ന് ആ രാജകുമാരന്‍ വീട്ടിലേക്കു വന്നപ്പോള്‍ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാന്‍ പറ്റില്ല.. ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തില്‍ നിന്ന് അവള്‍ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല.. എന്റെ നന്ദുട്ടനും അങ്ങനെ തന്നെ ആയിരുന്നു.. എന്റെ ജീവിതത്തില്‍ എന്നും ഓര്‍ത്തു വെക്കുന്ന അപൂര്‍വ നിമിഷത്തിന്റെ ഓര്‍മ്മയാവും ഇത്.. എനിക്ക് മാത്രം അല്ല.. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും അങ്ങനെ തന്നെയാവും അത്.. നമ്മള്‍ പഠിക്കേണ്ടുന്ന രണ്ട് പാഠ പുസ്തകങ്ങളുടെ നടുവില്‍ ആയിരുന്നു വീട്ടില്‍ ഉള്ള എല്ലാവരും.. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കള്‍.. അവര്‍ നല്‍കുന്ന പോസിറ്റീവ് എനര്‍ജി, ആത്മ വിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം.. വെറും വാക്കുകള്‍ കൊണ്ട് തീരില്ല ഒന്നും.. അമൂല്യമായ രണ്ട് രത്‌നങ്ങള്‍.. അപൂര്‍വമായ രണ്ട് നക്ഷത്രങ്ങള്‍.. നന്ദുമോന്റെ ഭാഷ കടമെടുത്താല്‍, ‘പുകയരുത് ജ്വലിക്കണം’… ഈ അപൂര്‍വ കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു..

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker