
നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന് ജോയ് മാത്യു. ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് തന്നെയായിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. ധര്‍മ്മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ധർമ്മാധർമ്മങ്ങളുടെ ധർമ്മടം
—————————–
നിയമസഭാതെരഞ്ഞെടുപ്പിൽ ധർമ്മടം ശ്രദ്ധയാകര്‍ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ്.അത് കൊണ്ടാണ് ധർമ്മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത്. ശിരോമുണ്ഡനങ്ങൾ പലതുണ്ട്. അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാർത്ഥിയാകാൻ ചിലർ തലതന്നെ വെട്ടി കാഴ്ചവെക്കും. എന്നാൽ മറ്റുചിലർ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും.
അവിടെയാണ് ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത്.വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ്. ഈ പോരാട്ടം ഏറ്റെടുക്കുബോൾ യു ഡി എഫിന്റെ മൂല്യബോധവും ധാർമ്മികമായ ഉത്തരവാദിത്വവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത്. വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങൾ,അവ പൊരുതുവാൻ ഉള്ളത്കൂടിയാണ്. ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ;സംശയമില്ല.