LIFETravel

ടിപ്പു സുൽത്താൻ്റെ ചരിത്രദേശങ്ങളിലൂടെ- അശ്കർ കബീർ

നരഭോജിയാകേണ്ടി വന്ന ടിപ്പുവിൻ്റെ ചിത്രകാരൻ

ആളൊഴിഞ്ഞ അരങ്ങിൻ്റെ ഭാവത്തിലാണ് ശ്രീരംഗപട്ടണം . നഗരമധ്യത്തെ ദരിയാ ദൗലത്താ ബാഗിന് മുന്നിൽ കുതിര വണ്ടിയിൽ വന്നിറങ്ങുമ്പോഴേക്കും അഞ്ച് മണി കഴിഞ്ഞിരുന്നു . പ്രവേശന കവാടം പിന്നിട്ടിട്ടും അങ്ങേയറ്റം അവശനായ ആ കുതിരയും കുതിരക്കാരനും വിങ്ങലായി തന്നെ അവശേഷിച്ചു . റോഷനെയും ദാവൂദിനെയും യൂസുഫിനെയും താങ്ങാനുള്ള പാങ്ങ് തന്നെ അതിനുണ്ടായിരുന്നില്ല . തൊഴിച്ചും തള്ളിയും അതിനെ ഓടിക്കാനേ കുതിരക്കാരനും കഴിഞ്ഞിരുന്നുള്ളു .വണ്ടിയിൽ ഞാനും കൂടിയായതോടെ അയാൾ പറ്റെ അവശനായി മാറുകയും ചെയ്തു.ഒരു കാലത്ത് മൈസൂരിലെ വീഥികളിലൂടെ പാഞ്ഞ ഈ രാജകീയ വാഹനത്തിന് ഇന്ന് പാവപ്പെട്ടവൻ്റെ അന്നമാകാനാണ് വിധി .

ദരിയാ ദൗലത്താ ബാഗ് എന്നാൽ പേർഷ്യനിൽ ഐശ്വര്യത്തിൻ്റെ കടലായ ഉദ്യാനമെന്നർത്ഥം .ബാല്യത്തിൽ തന്നെ പേർഷ്യനും ഉർദുവും അറബിയും ഫ്രഞ്ചും കന്നഡയമൊക്കെ പഠിക്കുകയും അവയെ അത്രമേൽ പ്രണയിക്കുകയും ചെയ്തിരുന്ന ടിപ്പുവിൻ്റെ വേനൽ കാല വസതിക്ക് ഇത്ര മനോഹരമായൊരു പേരുണ്ടായില്ലങ്കിലേ അദ്ഭുതമുള്ളൂ.ബാഗിൻ്റെ മുൻഭാഗം ഷീറ്റിട്ട് മറച്ച് കോലം കെട്ട അവസ്ഥയിലാണ്.വെയിലേറ്റ് നിറം മങ്ങാതിരിക്കാനാണത്രേ ഇത് .തിങ്ങി നിരന്ന മരങ്ങൾക്കിടയിൽ സ്ഥിതി ചെയ്തിരുന്ന മനോഹര നിർമ്മിതിയുടെ പരിസരത്തെ മരുഭൂവാക്കിയതിൻ്റെ അനന്തരഫലമെന്നല്ലാതെ എന്ത് പറയാൻ .

ഏഴ് വയസ്സ് മുതൽ കേട്ടും കണ്ടും തുടങ്ങിയതാണ് ടിപ്പുവിനെ .ദൂർദശൻ കാലത്തെ ഗൃഹാതുരതയുടെ ആ മനോഹര ദൃശ്യങ്ങൾക്ക് ഇന്നും പച്ചപ്പ് . . ആ സംഗീത ശകലം ഏതോ കോണിൽ നിന്ന് വീണ്ടും മുഴങ്ങി തുടങ്ങി .ഒരു തലമുറയുടെ ആവേശമായിരുന്ന സഞ്ജയ് ഖാൻ്റെ The Sword of Tippu sultan ൻ്റെ ടൈറ്റിൽ സംഗീതമായിരുന്നത് .ഇന്ത്യൻ സിനിമാ സംഗീതത്തിൻ്റെ ഇതിഹാസ മായിരുന്ന നൗഷാദ് സാബിൻ്റേതായിരുന്നു ആ സംഗീതം.അതിൻ്റെ പശ്ചാത്തലത്തിൽ ആനപ്പുറത്തെഴുന്നെള്ളി വന്നിരുന്ന സഞ്ജയ് ഖാൻ്റെ രൂപമായിരുന്നു ബാല്യത്തിലെ ടിപ്പു സുൽത്താന് .ഇന്ത്യൻ ടെലിവിഷൻ്റെ ചരിത്രത്തിലെ ആദ്യ മെഗാഹിറ്റ് പരമ്പര കൂടിയായിരുന്നു ഭഗവത് ഗിദ്വാനിയുടെ നോവലിനെ ആസ്പദ മാക്കി സഞ്ജയ് ഖാൻ സംവിധാനം ചെയ്ത The sword of Tippu .മൈസൂറിലെ പ്രീമിയം സ്റ്റുഡിയോയിലും പരിസരത്തുമായി ചിത്രീകരിച്ച പരമ്പര, തൊണ്ണൂറുകളിൽ 52 എപ്പിസോഡുകളിലായാണ് ദൂരദർശൻ സംപ്രേക്ഷണം ചെയ്തിരുന്നത് .അതേ വർഷം തന്നെ ബംഗാളിലെ ബി ടി വി യിലും 2006 ൽ തമിഴിലെ പൊതികൈ ചാനലിലും 2013 ൽ മീഡിയവണ്ണും സംപ്രേക്ഷണം തുടർന്നു .തൊണ്ണൂറുകളിൽ തന്നെ യു കെയിലെ ചാനൽ 4 സംപ്രേക്ഷണം ചെയ്ത പരമ്പരയെന്ന അപൂർവ്വ ഖ്യാതിയും The sword of Tippu വിന് മാത്രം സ്വന്തം.

നിരവധി പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു സീരിയലിൻ്റെ പ്രയാണം .’ മതഭ്രാന്തനായ ടിപ്പുവിനെ മതേതരവാദിയായ മഹാനായി ചിത്രീകരിക്കുന്നു എന്ന ആരോപണമുന്നയിച്ച് പരമ്പര തടയണമെന്നാവശ്യപ്പെട്ട് ദേശവിരുദ്ധ ശക്തികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു . ചരിത്രവുമായി ബന്ധമില്ലാത്ത കെട്ടുകഥയെന്ന കോടതി വിധിയാകട്ടെ ഭാവിയിലെ വിധികളുടെ ദിശാ സൂചികകൂടിയായി മാറി .
1989 ഫെബ്രുവരി 8 ന് പ്രീമിയർ സ്റ്റുഡിയോയിലുണ്ടായ തീപ്പിടുത്തമായിരുന്നു മറ്റൊരു അഗ്നിപരീക്ഷ .അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമുൾപ്പെടെ 62 ജീവനുകളാണ് അന്ന് പൊലിഞ്ഞത് .13 മാസം 72 ശസ്ത്രക്രിയകളോട് മല്ലിട്ടാണ് സഞ്ജയ് ഖാൻ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് .എന്നാൽ വസ്ത്രാലങ്കാരനായ രാംകുമാർ ശർമയാകട്ടെ ദുരന്തത്തെ ധീരമായി അതിജീവിക്കുകയും ചെയ്തു .രാംകുമാർ ശർമ്മ സൃഷ്ടിച്ച ടിപ്പുവായിരുന്നു ഒരു കാലം വരെ മനസ്സിലെ ടിപ്പു . ലണ്ടനിലെ വിക്ടോറിയ ആൽബർട്ട് മ്യൂസിയത്തിലെ ടിപ്പുവിൻ്റെ പോർട്രയിറ്റുകളിലൊന്നിൻ്റെ രൂപമായിരുന്നു അതിന് .

ഇരുനിലകളിലായി പൂർണ്ണമായും തേക്കിൽ തീർത്ത മനോഹര നിർമ്മിതിയാണ് ദാരിയാ ദൗലത്ത് ബാഗ് .സാധാരണ കൊട്ടാരങ്ങളുടെ പ്രൗഢിയൊന്നുമില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ചുമർചിത്രകലയുടെ കേന്ദ്രമാണ് ദാരിയ ദൗലത്താ ബഗ് . .ഐറിഷ് ചിത്രകാരനായ തോമസ് ഹിക്കി 1799 നും 1801 നും ഇടക്ക് വരച്ച ടിപ്പുവിൻ്റെ ഏഴ് ആൺമക്കളുടെ ( ഫത്തേഹ് ഹൈദർ ,അബ്ദുൽ ഖാലിഖ് ,മൊഇസുദ്ദീൻ ,മുഹിയുദ്ദിൻ ,
യാസിൻ സാഹിബ് ,സുൽത്താൻ സാഹിബ് ,ഷുക്റുള്ള ) ചിത്രങ്ങളും ടിപ്പുവിൻ്റെ മക്കളായ അബ്ദുൽ ഖാലിഖിനെയും മുഇസുദ്ദീനെയും ബന്ധികളാക്കി വക്കീലായ ഗുലാം അലി ഖാനോടൊപ്പം അയക്കുന്ന റോബർട്ട് ഹോമിൻ്റെ ചിത്രവും ടിപ്പുവിൻ്റെ അവസാന പോരാട്ടത്തെ ചിത്രീകരിക്കുന്ന ഹെൻട്രി സിംഗിൾടൻ്റ പോർട്രയിറ്റുമൊക്കെയാണ് ദൗലത്താ ബാഗിനെ അലങ്കരിക്കുന്നത് .

ജർമൻ ആർട്ടിസ്റ്റായ ജോഹാൻ സൊഫാനിയുടെയും ജി.എഫ് ചെറിയുടെയും ടിപ്പുവിൻ്റെ ചിത്രങ്ങളാണ് ടിപ്പുവിൻ്റെതായി ഇന്നവശേഷിക്കുന്ന രണ്ട് ചിത്രങ്ങൾ .ടിപ്പു ജീവിച്ചിരുന്ന കാലത്ത് തന്നെയാണ് ഇരുവരും ഈ ചിത്രങ്ങൾ പൂർത്തിയാക്കിയതും .
ടിപ്പുവിൻ്റെ പൂർണ്ണ പോർട്രേയ്റ്റ് തീർത്ത ജോഹാൻ സൊഫാനി 1783 മുതൽ 1789 വരെയാണ് ഇന്ത്യയിൽ ചെലവഴിച്ചത് .ബംഗാളിലെ ഗവർണറായിരുന്ന വാരെൻ ഹാറ്റിങ്ങ്സിൻ്റെയും അവധിലെ നവാബായിരുന്ന ആസഫുദ്ദൗളയുടെയും ചിത്രങ്ങളും ഇതിനിടെ സൊഫാനിയുടേതായി പുറത്തു വന്നിരുന്നു.
ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്രക്കിടയിലാണ് സൊഫാനി സഞ്ചരിച്ചിരുന്ന കപ്പലിന്
ഛേതം സംഭവിച്ച് ആൻഡമാൻ ദ്വീപുകളിൽ കുടുങ്ങുന്നത് . ജനവാസമില്ലാത്ത ദ്വീപിൽ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്നു സെഫാനിക്കും .ഒടുവിൽ പരസ്പരം കൊന്നു തിന്നുന്ന അവസ്ഥയിലായി മിക്കവരും. അങ്ങനെ നിയോ ക്ലാസിക്കൽ ശാഖയിലെ മഹാനായ ആ ചിത്രകാരനും നരഭോജിയാകേണ്ടി വന്നു .
നരഭോജിയായി മാറിയ ആദ്യത്തെയും അവസാനത്തെയും രാജകീയ അക്കാദമീഷ്യൻ എന്നായിരുന്നു വില്യം ഡാർളിപിലിൻ സൊഫാനിയെക്കുറിച്ച് വിശേഷിപ്പിച്ചത് .

ഒത്ത ശരീരം, മഞ്ഞ നിറം ,നേർത്ത കൺപീലികൾ ,പരന്നതും വിശാലവുമായ നെറ്റി ,ഇരുണ്ടതും ചാരനിറത്തിലുമുള്ള കണ്ണുകൾ ,ഉയർന്ന മൂക്ക് ,നീണ്ട കഴുത്ത് ,വിരിഞ്ഞ മാറിടം ,ഷേവ് ചെയ്ത താഴ്ന്ന താടി ….ടിപ്പുവിൻ്റെ മരണാനന്തരം അദ്ദേഹത്തിൻ്റെ രൂപത്തെക്കുറിച്ച് മുൻഷി മാരിലൊരാൾ ബ്രിട്ടീഷുകാർക്കെഴുതിയതാണിത് .
‌ .ഔദ്യോഗികമായി തൻ്റെ ചിത്രം വരക്കാൻ ടിപ്പു ആരെയും ചുമതലപ്പെടുത്തിട്ടില്ലെങ്കിലും നിലവിലുള്ള പോർട്രേറ്ററ്റുകളിൽ ടിപ്പുവിൻ്റെ രൂപത്തിനോട് ഏറെ സദൃശ്യം സെഫാനിയുടേതാണ് ആസ്ത്രേലിയൻ പ്രൊഫസറും ഗവേഷകയുമായ കേറ്റ് ബ്രിറ്റിൽ ബാങ്ക് Tiger: Th Life of Tipu Sulan എന്ന ഗ്രന്ഥത്തിൻ്റെ മുഖച്ചിത്രമായി ചേർത്തതും ഇതു തന്നെ .രാജകീയമായ ആഢംബരങ്ങളിൽ നിന്ന് മുക്തമായ ജീവിതമായിരുന്നു ടിപ്പുവിൻ്റെതെന്നാണ് ഇത് വ്യക്തമാക്കുന്നത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker