എല്ലാ കുടുംബങ്ങള്‍ക്കും മാസം 6000 രൂപ: യുഡിഎഫിന്റെ തുറുപ്പ് ചീട്ട്

ഈ തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എല്ലാ കുടുംബങ്ങള്‍ക്കും മാസം 6000 രൂപ നല്ക്കുന്ന വരുമാന പദ്ധതി നടപ്പാക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന ഇനവും ഇതു തന്നെയായിരിക്കും. രാഹുല്‍ ഗാന്ധി നിര്‍ദേശിച്ച പദ്ധതിയാണിതെന്നും അധികാരത്തിലെത്തിയാല്‍ ഉടന്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
6000 രൂപയില്‍ കുറവ് വരുമാനമുള്ള കുടുംബങ്ങള്‍ക്ക് കുറവുള്ള തുക സര്‍ക്കാര്‍ നല്‍കുന്നതാണ് പദ്ധതി. വരുമാനമൊട്ടുമില്ലാത്ത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തുക പൂര്‍ണമായിട്ടും നല്‍കും. കെ.മാണിയെ വേട്ടയാടിയവരുടെ ഒപ്പമാണ് ജോസ് കെ മാണി പോയിരിക്കുന്നതെന്നും ഇന്ത്യയില്‍ ഒരു ധനകാര്യ മന്ത്രിയും അനുഭവിക്കാത്ത ക്രൂര അനുഭവം നേരിട്ട വ്യക്തിയാണ് കെ.എം.മാണിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണി സി കാപ്പന്റേത് ഒരു ചരിത്ര ദൗത്യമാണെന്നും ജനങ്ങള്‍ അതിനൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.