KeralaNEWS

അഭ്യസ്തവിദ്യര്‍ക്ക് തൊഴിലൊരുക്കുവാന്‍ കേരള സര്‍ക്കാര്‍

കോവിഡ് കാലം പലരുടേയും ജോലിമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പലര്‍ക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമായിരുന്നു കോവിഡ് കാലത്ത് നിലനിന്നിരുന്നത്. കോവിഡ് പതിയെ ഒഴിയുന്ന സാഹചര്യം തുടങ്ങിയിട്ടും ജോലി നഷ്ടപ്പെട്ട പലര്‍ക്കും പഴയ ജോലിയിലേക്ക് തിരികെയെത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ കെ-ഡിസ്‌ക് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്

വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ക്ക് ഡിജിറ്റള്‍ മേഖലയില്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കി കൊടുക്കുകയാണ് കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍. തൊഴില്‍ അന്വേഷകരേയും തൊഴില്‍ ദാതാക്കളെയും ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ കെ-ഡിസ്‌ക് ചെയ്യുന്നത്. ഇതിന് വേണ്ടിയുള്ള വെബ്‌സൈറ്റ് കേരള ഡിജിറ്റല്‍ സര്‍വ്വകലാശാലയാണ് തയ്യാറാക്കിയത്. ഈ പദ്ധതിയുമായി സഹകരിക്കാന്‍ 5 കോടിയിലധികം ഉപയോക്താക്കളെത്തിയിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ഈ പദ്ധതിയിലൂടെ ലോകത്തെ നിരവധി കമ്പിനികളിലേക്ക് തൊഴിലാളികളെ എത്തിക്കാന്‍ സാധിക്കും. നിലവില്‍ 3500 പേരിലേറെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നൈപുണ്യ പരിശീലനവും നല്‍കും.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു സന്തോഷ വാര്‍ത്ത അറിയിക്കട്ടെ. നമ്മുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ആദ്യത്തെ 32 പേരെ ജോലിക്കായി തെരഞ്ഞെടുത്തു. റോബോട്ടിക്ക് പ്രോസസ്സ് ഓട്ടോമേഷന്‍, സോഫ്ട്‌വെയര്‍ ടെസ്റ്റിംഗ് , ഡാറ്റ സയന്‍സ്, എന്നി മേഖലകളില്‍ ആണ് ജോലി ലഭിച്ചത്. നമ്മുടെ പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്ത 120 പേരെയാണ് നമ്മള്‍ കൊടുത്തത്. അതില്‍ തന്നെ 82 പേര് ടെക്‌നിക്കല്‍ യോഗ്യത റൌണ്ട് പാസ്സായി .
അതില്‍ നിന്ന് 32 പേര്‍ക്കാണ് ജോലി ലഭിച്ചത്. ഇതൊരു ചെറിയ സംഗതി ആയി തോന്നാം . പക്ഷെ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയൊരു കുതിപ്പിലേക്കുള്ള കാല്‍വെയ്പ്പാണിത്.

കഴിഞ്ഞ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ആയിരുന്നു അഭ്യസ്തവിദ്യര്‍ക്ക് വീട്ടില്‍ ഇരുന്നു ഡിജിറ്റല്‍ തൊഴില്‍ ചെയ്യാന്‍ അവസരം സൃഷ്ടിക്കും എന്നത് .കേരള വികസന ഇന്നവേഷന്‍ സ്ട്രാറ്റജിക്കൗണ്‍സിലാണ് (K-DISC) , കേരളത്തിലെ തൊഴിലന്വേഷകരെയും ലോകമാകമാനമുള്ള തൊഴില്‍ ദാതാക്കളേയും ബന്ധപ്പെടുത്താനുള്ളൊരു ഡിജിറ്റല്‍ജാലകമായ ‘ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം കേരള’ പരിപാലിക്കുന്നത്. കേരള ഡിജിറ്റല്‍ സര്‍വ്വകലാശാലരൂപകല്പന ചെയ്ത ഈ പോര്‍ട്ടല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തിന്റെവിവിധ ജില്ലകളില്‍ നിന്നായി മൂവായിരത്തിയഞ്ഞൂറോളം പേരാണ് ഈ പോര്‍ട്ടലില്‍ ഇതിനകം അംഗത്വമെടുത്തത്. ഇനിയുള്ള മാസങ്ങളില്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഉയരാന്‍ പോകുകയാണ് . അവര്‍ക്കു നൈപുണി പരിശീലനം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും ഉര്‍ജ്ജിതമാകും.
ജോലിക്ക് അനുയോജ്യരായവര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പിക്കാനായി വിവിധതൊഴില്‍ ദാതാക്കളുമായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് ഇതിനോടകം തന്നെ കെ-ഡിസ്‌ക് തുടക്കമിട്ടിട്ടുണ്ട്. എന്താണ് ഇന്നത്തെ വിപണിയുടെ ആവശ്യങ്ങള്‍ എന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്ട് അടക്കമുള്ള മുന്‍നിര ബഹുരാഷ്ട്ര കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയാണ് നിലവില്‍ ലഭ്യമായ ജോലിസാധ്യതകളെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുള്ളത്.

ഇന്‍ഫോസിസ്, എച്ച്.പി., ടെക് മഹീന്ദ്ര തുടങ്ങിയ ഇന്ത്യയിലെ മുന്‍നിരകമ്പനികള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ നല്‍കുന്ന, അതുപോലെ സ്വയംതൊഴില്‍ തേടുന്നവര്‍ക്കായി അവസരങ്ങളൊരുക്കുന്ന, ലോകത്താകമാനമായി ഇരൂനൂറ്റിനാല്‍പതോളം രാജ്യങ്ങളില്‍ പ്രാതിനിധ്യമുള്ളതും അഞ്ചു കോടിയിലധികം ഉപയോക്താക്കളുള്ളതുമായ ലോകത്തിലെ തന്നെ പ്രധാന ഇന്റര്‍നെറ്റ് അധിഷ്ഠിത തൊഴില്‍ വിപണന കമ്പനി ഈ പോര്‍ട്ടലുമായി ചേര്‍ന്ന് ഒരു പൈലറ്റ് പ്രോജക്ട് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വിവിധ മേഖലകളിലുള്ള ജോലികള്‍ക്ക് സജ്ജരാവുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സാഹചര്യമൊരുക്കാനായി ലോകത്തെ പ്രധാന ജോബ് പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്ന, തൊഴില്‍ കണ്‍സള്‍ട്ടന്‍സി രംഗത്ത് ഇന്ത്യയില്‍ മുന്‍പന്തിയിലുള്ള സ്വകാര്യ ഏജന്‍സി, കെ-ഡിസ്‌കിന്റെ കീഴിലുള്ള പോര്‍ട്ടലുമായി ചേര്‍ന്ന് ഒരു മൈക്രോ സൈറ്റ് സംവിധാനമൊരുക്കാന്‍ താത്പര്യപ്പെട്ടിട്ടുണ്ട്. ഇതു നടപ്പിലാക്കാനുള്ള പ്രാരംഭ ചര്‍ച്ചകളും നടന്നു വരുന്നു.
ഇവയൊക്കെ വിരല്‍ ചൂണ്ടുന്നത് ഈ പോര്‍ട്ടലിന്റെ സാധ്യതകളിലേക്കും അതുവരെ വിജ്ഞാന വിപണിയില്‍ സംസ്ഥാനത്തിന് ഏറെ നേട്ടമുണ്ടാക്കാന്‍അവസരമുണ്ടെന്നുമാണ്. തൊഴിലന്വേഷകര്‍ക്കായുള്ള വിവിധ പ്ലാറ്റ്‌ഫോമുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക വഴി, ലോകത്താകമാനമുള്ള കമ്പനികളില്‍ നിന്നും കൂടുതല്‍ തൊഴിലുകള്‍ ഈ പോര്‍ട്ടലിലൂടെ കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും.

മേല്‍പറഞ്ഞ പ്രധാന ഏജന്‍സികളെ കൂടാതെ, കേരളത്തില്‍ പ്രവര്‍ത്തിക്കുന്നവിവിധ ബഹുരാഷ്ട്ര കമ്പനികള്‍, ഐ.ടി. രംഗത്ത് നേട്ടമുണ്ടാക്കിയ മലയാളി സംരംഭകര്‍, ഇവരുമായെല്ലാംധാരണയിലെത്താന്‍ ആവശ്യമായ ചര്‍ച്ചകള്‍ നടന്നുവരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖബഹുരാഷ്ട്ര കമ്പനി ഇതിനോടകം തന്നെ ആയിരത്തിലധികം പേര്‍ക്ക് സാങ്കേതിക മേഖലയിലും, അതുപോലെ നികുതി പരിപാലനത്തിലും ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗിലും പരിശീലനം നേടിയ നൂറിലധികം ബി.കോം. ബിരുദധാരികള്‍ക്ക് അവരുടെ മേഖലയിലും തൊഴില്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍, നിലവില്‍ അംഗത്വമെടുത്തിട്ടുള്ളവരുടെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈയൊരു ആവശ്യം നിറവേറ്റുവാനുള്ളത്രയും ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് കാണാനാവുന്നത്. അതിനാല്‍ തന്നെ ഈ പോര്‍ട്ടലും അതുമായി ബന്ധപ്പെട്ട സേവനങ്ങളും കൂടുതല്‍ പേരിലേക്ക് എത്തേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ സ്വകാര്യ സംരംഭകരുമായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ നിലവില്‍ കെ-ഡിസ്‌കിന് സാധിക്കില്ല. എന്നാല്‍ അതൊഴികെയുള്ള കാര്യങ്ങളില്‍ഗണ്യമായ പുരോഗതി കൈവരിക്കാന്‍ ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ തന്നെഈ പദ്ധതി പൂര്‍ണ രൂപത്തില്‍ പ്രയോഗപഥത്തില്‍ കൊണ്ടുവരാന്‍ കഴിയും. അഭ്യസ്തവിദ്യരായ മുഴുവന്‍ പേര്‍ക്കും ഇത്തരത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ ഈ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് . പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ഇതാണ് . https://knowledgemission.kerala.gov.in/ ലിങ്കില്‍ കയറി ഇ-മെയില്‍ ഐഡി കൊടുത്തു രജിസ്റ്റര്‍ ചെയ്താല്‍ ലഭിക്കുന്ന ഓ ടി പി ഉപയോഗിച്ച് ഓതറൈസ് ചെയ്താല്‍ നിങ്ങളുടെ വിശദമായ ബയോഡാറ്റ അപ്ലോഡ് ചെയ്യാവുന്ന തരത്തില്‍ ആണ് പോര്‍ട്ടല്‍ രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker