
ചിലരെ കാണുമ്പോള്‍ മനസ് അറിയാതെ പറഞ്ഞു പോവാറുണ്ട് അവളെത്ര സുന്ദരിയാണ്, അവനെ കാണാന്‍ എന്ത് ഭംഗിയാണ് എന്നൊക്കെ. ഒരു മനുഷ്യനെ ആത്മവിശ്വാസത്തോടെ മറ്റുള്ളവരുടെ മുന്പില് നിര്‍ത്തുന്നതില്‍ വൃത്തിയായ വസ്ത്രധാരണത്തിനൊപ്പം തന്നെ ഭംഗിയുള്ള മേക്കപ്പിനും വലിയ പ്രാധാന്യമുണ്ട്. മേക്കപ്പ് ചെയ്യുകയെന്നാല്‍ മുഖത്ത് എന്തെങ്കിലും പുരട്ടി വെളുത്തിരിക്കുകയെന്നതല്ല. മറിച്ച് സ്വന്തം ചര്‍മ്മത്തിന്റെ നിറത്തിനനുസരിച്ച് ഭംഗിയായി അതിനെ പ്രതിഫലിപ്പിക്കുകയെന്നാണ്. പലപ്പോഴും ഈയൊരു സമീപനത്തോടെയല്ല നമ്മള് മേക്കപ്പ് ചെയ്യാറ്. തെറ്റായി മേക്കപ്പ് ചെയ്യുന്നത് വളരെ വലിയ അപകടങ്ങളും ദോഷങ്ങളും വരുത്തി വെക്കാറുണ്ട്.
വൃത്തിയില്ലാതെ മേക്കപ്പ് ചെയ്യുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കാനും സാധ്യതകളേറെയാണ്. വൃത്തിയായി മേക്കപ്പ് ചെയ്യുന്നത് എങ്ങനെയെന്ന് കൃത്യമായി നമ്മള് മനസിലാക്കിയിരിക്കണം. മേക്കപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പരമപ്രധാനമായ കാര്യം മറ്റുള്ളവരുടെ മേക്കപ്പ് വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ്. ഈ ശീലം വളര്‍ത്തിയെടുക്കുന്നതിലൂടെ തന്നെ കുറേയധികം ആരോഗ്യ പ്രശ്നങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. ഈ ശീലത്തിലൂടെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാം.
മേക്കപ്പിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കള്‍ വൃത്തിയോടെ സൂക്ഷിക്കുക എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. മേക്കപ്പിന് ഉപയോഗിക്കുന്ന ബ്രഷ്, സ്പോഞ്ച് തുടങ്ങിയ വസ്്തുക്കള്‍ മാസത്തില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കി സൂക്ഷിക്കണം. മേക്കപ്പ് ചെയ്ത ശേഷം മുഖത്ത് എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ, ചൊറിച്ചിലോ, നിറവ്യത്യാസമോ കണ്ടാല്‍ ഉടന്‍ തന്നൈ വൈദ്യസഹായം തേടണം. മേക്കപ്പ് സാധനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. എക്സ്പിയറി ഡേറ്റ് കഴിഞ്ഞ വസ്തുക്കള്‍ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.