
ഏറ്റുമാനൂരിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ലതികാസുഭാഷ് പ്രഖ്യാപിച്ചു. സ്ഥാനാർത്ഥിപ്പട്ടികയിൽ കെഎസ്യുവിനും യൂത്ത് കോൺഗ്രസിനും ലഭിച്ച പരിഗണന മഹിളാ കോൺഗ്രസിനു ലഭിച്ചില്ലെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ലതികാസുഭാഷ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്യുകയും ചെയ്തു.
ജോസഫ് ഗ്രൂപ്പ് ഈ സീറ്റ് വാങ്ങിക്കും എന്ന് പറഞ്ഞതിനപ്പുറം മറ്റൊരു മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് തന്നോട് നേതൃത്വം പറഞ്ഞിട്ടില്ലെന്ന് ലതികാ സുഭാഷ് വ്യക്തമാക്കി. ഏറ്റുമാനൂരിൽ ജോസഫ് ഗ്രൂപ്പ് മത്സരിക്കണമെന്ന് കോൺഗ്രസ് നേതാക്കൾക്കായിരുന്നു നിർബന്ധമെന്നും ലതികാ സുഭാഷ് പറഞ്ഞു. എങ്കിലും കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക പുറത്തുവരുന്നതുവരെ താൻ പ്രതീക്ഷിച്ചിരുന്നു എന്നും ലതികാസുഭാഷ് കൂട്ടിച്ചേർത്തു.