LIFEMovie

ചിത്രത്തിന്റെ ഓരോ ക്രാഫ്റ്റും അതിശയിപ്പിക്കുന്നത്: ദൃശ്യം 2-ന് അഭിനന്ദനവുമായി രാജമൗലി

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ദൃശ്യം 2 ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. തിയേറ്റര്‍ റിലീസ് ഇല്ലാതെ ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി 19 ന് ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ചിത്രത്തിന് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എസ്.എസ് രാജമൗലി. ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫിന് അയച്ച സന്ദേശത്തിലാണ് അഭിനന്ദനം അറിയിച്ചത്. ചിത്രത്തെ മാസ്റ്രര്‍ പീസ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തിരക്കഥ, സംവിധാനം, എഡിറ്റിങ്, അഭിനയം എന്നിങ്ങനെ ഓരോ മേഖലയേയും എടുത്ത് പറഞ്ഞാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

 

സംവിധായകന്‍ രാജമൗലി എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ജീത്തു ജോസഫ് പങ്കുവച്ചു. ‘ഹായ് ജീത്തു, ഇത് രാജമൗലി, സിനിമാ സംവിധായകന്‍. കുറച്ച് ദിവസം മുമ്പാണ് ദൃശ്യം 2 സിനിമ കാണുന്നത്. ചിത്രം കണ്ടത് മുതല്‍ അതിനെക്കുറിച്ചുള്ള ചിന്തകള്‍ തന്നെ നിറഞ്ഞു നിന്നതിനാല്‍ ദൃശ്യത്തിന്റെ ആദ്യഭാഗവും കാണുകയുണ്ടായി. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പ് മാത്രമായിരുന്നു ഇതിനു മുമ്പ് ഞാന്‍ കണ്ടിരുന്നത്.’രാജമൗലി പറയുന്നു. ‘തിരക്കഥ, സംവിധാനം, എഡിറ്റിങ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ ഓരോ ക്രാഫ്റ്റും അതിശയിപ്പിക്കുന്നതാണ്. എന്നാലും എടുത്തുപറയേണ്ടത് എഴുത്തിനെ കുറിച്ച് തന്നെയാണ്. ലോകനിലവാരത്തിലുള്ളതാണത്. ചിത്രത്തിന്റെ ആദ്യഭാഗം തന്നെ ഒരു മാസ്റ്റര്‍ പീസാണ്. അതുമായി സംയോജിച്ച് പോകുന്ന തരത്തില്‍ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കഥയുമായി വീണ്ടുമെത്തുക എന്നത് ബ്രില്ല്യന്‍സ് തന്നെയാണ്. നിങ്ങളില്‍ നിന്നും കൂടുതല്‍ മാസ്റ്റര്‍ പീസുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു’. രാജമൗലി പറഞ്ഞു.

ദൃശ്യം 2013ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ജിത്തു ജോസഫ് എന്ന സംവിധായകന്റെയും മലയാള സിനിമയുടെയും മാറ്റത്തിന് തുടക്കമാവുകയായിരുന്നു ദൃശ്യം. സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു കൊലപാതകം മറച്ചു വെക്കേണ്ടി വരുന്ന ജോര്‍ജ്ജുകുട്ടി എന്ന സാധാരണക്കാരന്റെയും അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെയും കഥയാണ് ദൃശ്യത്തിലൂടെ ജിത്തു ജോസഫ് പ്രേക്ഷകരോട് സംവദിച്ചത്. ചിത്രം അവസാനിക്കുമ്പോള്‍ ഒരു വലിയ രഹസ്യം ജോര്‍ജ്ജുകുട്ടിയുടെ മനസ്സിലും സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെ മനസ്സിലും അവശേഷിക്കുന്നു. ജോര്‍ജുകുട്ടിയുടെ മകള്‍ കൊലപ്പെടുത്തിയ ചെറുപ്പക്കാരന്റെ മൃതശരീരം രാജാക്കാട് പോലീസ് സ്റ്റേഷനിലാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് ജോര്‍ജുകുട്ടിയെ പോലെ അറിയാവുന്നത് പ്രേക്ഷകര്‍ക്ക് മാത്രമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുമ്പോള്‍ ഓരോ പ്രേക്ഷകന്റെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം രാജാക്കാട് പോലീസ് സ്റ്റേഷന്‍ ആയിരിക്കും. ജോര്‍ജുകുട്ടി അവശേഷിപ്പിച്ച ആ വലിയ രഹസ്യം നിയമപാലകര്‍ കണ്ടെത്തുമോ എന്ന ചോദ്യം തന്നെയാണ് ദൃശ്യം 2 ലേക്കുള്ള പ്രധാന ആകര്‍ഷക ഘടകം. ദൃശ്യം 2 എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്നതും ഈ കാരണം തന്നെയാണ്.

ഒരു കൊലപാതകവും അതില്‍ പ്രതിയാക്കപ്പെട്ട ജോര്‍ജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്ള ജീവിതമാണ് ദൃശ്യം 2. നാട്ടുകാരും സഹപ്രവര്‍ത്തകരും ബന്ധുക്കളും പിന്നീട് എങ്ങനെയായിരിക്കും ജോര്‍ജുകുട്ടിയേയും കുടുംബത്തെയും സമൂഹത്തില്‍ പരിഗണിക്കുക എന്നൊക്കെയാണ് ദൃശ്യം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു.ആദ്യഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങള്‍ രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവര്‍ക്ക് പുറമേ മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ജലി നായര്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker