
മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്. അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയെ എൻഐഎ അറസ്റ്റ് ചെയ്തു.
സച്ചിനെ എൻഐഎ ചോദ്യം ചെയ്യുകയാണ്. ഓട്ടോ പാർട്സ് ഡീലർ മൺസൂക് ഹിരണിന്റെ ദുരൂഹമരണം, കാർ മോഷണക്കേസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് സച്ചിൻ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയുടെ അന്വേഷണവും നേരിടുന്നുണ്ട്.
സച്ചിൻ താനെ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ 19നു വാദം കേൾക്കാൻ ഇരിക്കുകയാണ് അറസ്റ്റ്. വാസെയെ ഹിരണിന്റെ മരണവുമായി ബന്ധപ്പിക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര എടിഎസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇന്നലെ എൻ ഐ എ ഓഫീസിൽ എത്തി വാസെ മൊഴി നൽകിയിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയും വാസെയെ ചോദ്യം ചെയ്യും.
അതേസമയം ആത്മഹത്യാ സൂചന അടങ്ങുന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് വാസെ ഇട്ടിരുന്നു. “ഈ ലോകത്തോട് വിട പറയാനുള്ള സമയം അടുത്തു എന്നാണ് എനിക്ക് തോന്നുന്നത് ” എന്നായിരുന്നു സ്റ്റാറ്റസ്. സ്റ്റാറ്റസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വാസെ മറുപടി നൽകിയില്ല എന്നാണ് വിവരം.