NewsThen Special

ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങുന്നത് ആരൊക്കെ.? സ്ഥാനാര്‍ത്ഥി പട്ടിക ഉടൻ പുറത്ത് വരും

കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറാകുമ്പോൾ ഇടത്-വലത് പ്രസ്ഥാനങ്ങൾക്ക് ഒപ്പം തന്നെ മത്സരരംഗത്ത് ശക്തമാക്കാൻ തീരുമാനിച്ചു തന്നെയാണ് ബിജെപിയുടെ കരു നീക്കം.നേമത്ത് മാത്രം വിരിഞ്ഞിട്ടുള്ള താമര കേരളത്തിന്റെ വിവിധ ഇടങ്ങളിൽ എത്തിക്കാനുള്ള ശക്തമായ ശ്രമത്തിലാണ് ബിജെപി നേതാക്കൾ. കെ.സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും തമ്മിൽ ഈ വിഷയത്തിൽ നിരന്തരം ചർച്ചകളും കരുനീക്കങ്ങളും നടത്തുകയാണ്. കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ എന്നിവിടങ്ങളിലേക്കുള്ള മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് തിരഞ്ഞെടുപ്പ് സമിതിക്ക് മുൻപിലെത്തും.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ, കുമ്മനം രാജ ശേഖരൻ, പികെ കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാക്കളുമായി ചർച്ച ചെയ്തു. സാധ്യത പട്ടികയില്‍ വി.മുരളീധരന്റെ പേരില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. അദ്ദേഹം മത്സരിക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വവുമായി ചർച്ച ചെയ്ത് തീരുമാനം എടുത്തതിനു ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
ബിജെപിയുടെ സാധ്യതാപട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേരും ഇടംപിടിച്ചിട്ടുണ്ട്. ചാത്തന്നൂരിലും മറ്റ് ചില മണ്ഡലങ്ങളിലും ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് സാധ്യതാ പട്ടികയിൽ ഉള്ളത്.

കെ സുരേന്ദ്രന്റെ പേര് കോന്നിയിലും കഴക്കൂട്ടത്തു ഉയർന്നു കേൾക്കുന്നുണ്ട്. നേമത്ത് കുമ്മനം രാജശേഖരനാണ് സാധ്യത കൂടുതൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരത്തിനിറങ്ങുന്ന ഹരിപ്പാട് ബി ഗോപാലകൃഷ്ണന്റെ പേരും ഉമ്മൻചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയിൽ എന്‍. ഹരിയുടെ പേരുമാണ് പരിഗണനയിലുള്ളത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് സി കെ പത്മനാഭൻ മത്സരിക്കാനാണ് സാധ്യത. ചലച്ചിത്രതാരം സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ ഒന്നും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അദ്ദേഹം മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാൽ സുരേഷ് ഗോപി തൃശൂരോ, നേമത്തോ, തിരുവനന്തപുരം സെൻട്രലിലോ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker