IndiaNEWS

കാറില്‍ ഡിജിപിയുടെ പീഡനശ്രമം; രണ്ടാം പ്രതിയായ എസ്പിക്ക് സസ്‌പെന്‍ഷന്‍

ഔദ്യോഗിക വാഹനത്തിനുളളില്‍ വനിത ഐപിഎസ് ഓഫീസറെ തമിഴ്‌നാട് പൊലീസിലെ മുന്‍ സ്പെഷല്‍ ഡിജിപി രാജേഷ് ദാസ് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂട്ടുപ്രതിക്ക് സസ്‌പെന്‍ഷന്‍. രണ്ടാം പ്രതി എസ്പി. ഡി. കണ്ണനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പരാതി മൂടി വയ്ക്കാന്‍ കഠിന പരിശ്രമം നടത്തിയ പ്രതിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനാണു നടപടി സ്വീകരിച്ചത്. ഡിജിപിയുടെ ലൈംഗികാതിക്രമത്തിനു കൂട്ടുനിന്നുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് എസ്പിയെ മാറ്റി നിര്‍ത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ചീഫ് സെക്രട്ടറിക്കു രേഖാമൂലം നിര്‍ദേശം നല്‍കുകയായിരുന്നു. കേസിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്താണ് ഇടപെടല്‍.

മുഖ്യമന്ത്രിയുടെ ജില്ലാതല പര്യടനത്തിനിടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്‌പെഷല്‍ ഡിജിപി രാജേഷ് ദാസ് വനിതാ ഐപിഎസ് ഓഫിസറെ കാറിലേക്കു വിളിച്ചു വരുത്തി കയറിപിടിച്ചെന്നാണ് കേസ്. പരാതി പറയാനായി ഉദ്യോഗസ്ഥ ചെന്നൈയിലേക്കു വരുന്ന വഴിയില്‍ നഗരാതിര്‍ത്തിയില്‍ വച്ചു വാഹനം പിടിച്ചെടുക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് കണ്ണനെതിരെ നടപടി.

ഫെബ്രുവരി 21ന് രാത്രി തിരുച്ചിറപ്പള്ളി-ചെന്നൈ ഹൈവേയില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കു ശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോയതിനു പിന്നാലെ ‘വിഐപി ഡ്യൂട്ടി’ കഴിഞ്ഞ് സ്‌പെഷല്‍ ഡിജിപിയും സംഘവും ചെന്നൈയിലേക്കു മടങ്ങുകയായിരുന്നു. മുതിര്‍ന്ന് ഓഫിസറെ സ്വീകരിക്കേണ്ട ചുമതല പരാതിക്കാരിക്കായിരുന്നു. സല്യൂട്ട് ചെയ്ത് വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിക്കുകയാണ് പതിവ്. എന്നാല്‍ സ്‌പെഷല്‍ ഡിജിപി, വനിതാ ഓഫിസറോടു തന്റെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. സംഘം യാത്ര തുടര്‍ന്നു.

കാര്‍ 40 മിനിറ്റ് സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ അടുത്ത സ്ഥലത്ത് നോര്‍ത്ത് സോണ്‍ ഐജിപി കെ. ശങ്കര്‍, ഡിഐജി എം. പാണ്ഡ്യന്‍ ഐപിഎസ് ഓഫിസര്‍മാരായ സിയാഉള്‍ ഹഖ് എന്നിവര്‍ ഡിജിപിയെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയയുടന്‍ വനിതാ ഓഫിസര്‍ വലതുഭാഗത്തെ ഡോര്‍ തുറന്ന് പുറത്തേക്കോടുകയായിരുന്നു. 15-20 മീറ്ററോളം അവര്‍ ഓടി. തന്റെ ഔദ്യോഗിക വാഹനം പിന്നാലെയുണ്ടായിരുന്നെങ്കിലും ഹഖിന്റെ വാഹനം അവര്‍ ആവശ്യപ്പെടുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് അവര്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ലെന്നും അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുതിര്‍ന്ന ഓഫിസര്‍മാര്‍ തയാറായിട്ടില്ല.

തൊട്ടുപിറ്റേന്ന് വനിതാ ഓഫിസറെ ബന്ധപ്പെടാന്‍ രാജേഷ് ദാസ് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. രണ്ടു മണിക്കൂറിനുള്ളില്‍ അവര്‍ ചെന്നൈയിലേക്കു പോകാന്‍ ഒരുങ്ങുകയാണെന്ന് അറിഞ്ഞതോടെ അവരുടെ വാഹനം തടയാന്‍ വില്ലുപുരം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം ലഭിച്ചുവെന്നാണ് ആരോപണം. എന്നാല്‍ വനിതാ ഓഫിസറുടെ വാഹനം കടന്നുപോയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. തുടര്‍ന്ന് അടുത്ത ജില്ലയായ ചെങ്കല്‍പേട്ടയിലെ എസ്പി ഡി. കണ്ണനോടു വാഹനം തടയാന്‍ ആവശ്യപെട്ടു. എസ്പിയെത്തി വാഹനം തടഞ്ഞ് വനിതാ ഓഫിസറോട് ഡിജിപിയുമായി സംസാരിക്കാനും മടങ്ങിപ്പോകാനും ആവശ്യപ്പെട്ടു. 150 പൊലീസുകാര്‍ക്കൊപ്പമാണ് എസ്പി കണ്ണന്‍ വാഹനം തടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വനിതാ ഓഫിസര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker