
ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം ഉപേക്ഷിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പിപിഇ കിറ്റ് ധരിച്ച വ്യക്തി അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം ഉപേക്ഷിച്ച് പോകുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പിന്നാലെ മറ്റൊരു വാഹനത്തില്‍ അയാള്‍ കയറി രക്ഷപെടുന്നതായും ദൃശ്യത്തില്‍ കാണാന്‍ സാധിക്കുന്നു.
അതേസമയം, പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്നും മുംബൈ സ്വദേശിയായ മന്‍സുഖ് ഹിരേന്‍ എന്നയാളുടെ വാഹനമാണിതെന്നും കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ കടലിടുക്കില്‍ വാഹന ഉടമയായ മന്‍സുഖിനെ മരിച്ചനിലയില്‍ കണ്ടെത്തിയതോടെ ദുരൂഹത വര്‍ധിക്കുകയായിരുന്നു. അതിനിടെ, മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഏറ്റെടുക്കുന്നതായി കഴിഞ്ഞദിവസം എന്‍.ഐ.എ. അറിയിച്ചിരുന്നു.
ഫെബ്രുവരി 25-നാണ് കേസിനാസ്പദമായ സംഭവം. മുകേഷ് അംബാനിയുടെ വസതിക്ക് സമീപത്തുനിന്ന് സ്ഫോടക വസ്തുക്കളടങ്ങിയ കാര്‍ കണ്ടെത്തുകയായിരുന്നു. കാറില്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു.