KeralaNEWS

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ട്, പാര്‍ട്ടി തീരുമാനമെടുത്താല്‍ മുന്നോട്ട് പോകും: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഐഎം സിറ്റിംഗ് സീറ്റ് ആയ പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം.വി. ഗോവിന്ദന്‍ രംഗത്ത്. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി സിപിഎമ്മില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ടെന്നും പ്രത്യേകിച്ച് മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് കൊടുക്കുമ്പോള്‍ ഇത്തരം പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും മുമ്പും ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം സംഘടനാ പരമായി പരിഹരിക്കാവുന്നതേയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

എത്ര വലിയ നിരയായായാലും പാര്‍ട്ടി തീരുമാനമെടുത്തുകഴിഞ്ഞാല്‍, ആ തീരുമാനത്തെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ പൊന്നാനി തിരഞ്ഞെടുപ്പിന്റെ സമയത്തും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായിരുന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. നടപടിയുണ്ടോകുമോ എന്ന സംഘടനാ തീരുമാനം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥിനിര്‍ണയത്തെച്ചൊല്ലി സി.പി.എം. നേതൃത്വത്തിനെതിരേ മലപ്പുറം പൊന്നാനിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനുപേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

പൊന്നാനി മണ്ഡലത്തിലെ ഏഴ് ബ്രാഞ്ച് സെക്രട്ടറിമാരും മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും രാജിവെച്ചു. ഡി.വൈ.എഫ്.ഐ.യുടെ രണ്ട് മേഖലാ കമ്മിറ്റികളും രാജിനല്‍കി. അതേസമയം, പൊന്നാനിയില്‍ ടി എം സിദ്ധിഖിനെ സ്ഥാനാര്‍ഥി ആക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഭൂരിപക്ഷം ലോക്കല്‍ കമ്മിറ്റികളും സിദ്ധിഖിനെ സ്ഥാനാര്‍ഥി ആക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

പി നന്ദകുമാറിനെയാണ് പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പൊന്നാനിയില്‍ സിദ്ധിഖിനെ സ്ഥാനാര്‍ഥിയാക്കണം എന്ന് ആവശ്യപ്പെട്ട് പ്രകടനം നടന്നിരുന്നു.
ഇന്ന് വൈകീട്ട് നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേരുന്നുണ്ട്.കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ ആണ് നടക്കുന്നത്. അതേസമയം പ്രതിഷേധങ്ങളില്‍ തനിക്ക് പങ്കില്ലെന്നു സിദ്ധിഖ് വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker