
കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞു കിടന്നിരുന്ന തീയേറ്ററുകള്‍ മാസങ്ങള്‍ക്ക് മുന്‍പാണ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. മാസ്റ്റര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് തീയേറ്ററുകള്‍ തുറന്നത്. മാസ്റ്ററിന് ശേഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് കാര്യമായി തീയേറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. സെക്കന്റ് ഷോകള്‍ അനുവദിക്കാതിരുന്നതും സിനിമാ പ്രദര്‍ശനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. തീയേറ്ററില്‍ നിന്നുള്ള വരുമാനത്തിന്റെ ഏറിയ പങ്കും ലഭിച്ചിരുന്നത് സെക്കന്റ് ഷോകളിലൂടെയായിരുന്നു. അതില്ലാത്ത സാഹചര്യത്തില്‍ തീയേറ്റര്‍ വരുമാനം ഗണ്യമായി കുറഞ്ഞിരുന്നു. സെക്കന്റ് ഷോ ഇല്ലാത്ത സാഹചര്യത്തില്‍ മമ്മുട്ടി ചിത്രങ്ങള്‍ ഉള്‍പ്പടെ പ്രദര്‍ശനം മാറ്റി വെക്കുന്ന സാഹചര്യമായിരുന്നു സംസ്ഥാനത്ത് നിലനിന്നിരുന്നത്
എന്നാല്‍ ഇതിന് പരിഹാരമായാണ് ഇപ്പോള്‍ പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ പുതിയ നിലപാട് എടുത്തിരിക്കുന്നത്. കേരളത്തില്‍ സെക്കന്റ് ഷോകള്‍ പുനരാരംഭിക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 9 മുതല്‍ 9 വരെ എന്ന സമയക്രമം മാറ്റി 12 മുതല്‍ 12 വരെ എന്ന സമയക്രമത്തില്‍ തീയേറ്ററുകള്‍ പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം എത്തിയതോടെ പ്രദര്‍ശനം മാറ്റി വെച്ച മമ്മുട്ടി ചിത്രം ദ് പ്രീസ്റ്റ് 11 ന് പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു