ColumnTRENDING

സത്യം ചെരിപ്പിട്ടു നില്ക്കുന്ന കാലം

മനോജ് കെ. പുതിയവിള

ഊരാളുങ്കൽ തൊഴിലാളി സഹകരണസംഘത്തിന് ഈ ദിവസങ്ങളിൽ കിട്ടിയ വിപുലമായ ജനകീയാദരം തീർച്ചയായും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞതുപോലെ ആ തൊഴിലാളികളുടെ അർപ്പണമനോഭാവത്തോടെയുള്ള കഠിനാദ്ധ്വാനത്തിനും പ്രൊഫഷണൽ മികവിനും സമൂഹപ്രതിബദ്ധതയ്ക്കും ഉള്ള അംഗീകാരമാണ്.

എന്നാൽ, എനിക്കു തോന്നുന്നത്, ആ അംഗീകാരം ഇപ്പോൾ കണ്ട തരത്തിലുള്ള പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും തലത്തിലേക്ക് ഉയർന്നത് ഇത്രയേറെ നന്മകളുള്ള ഒരു പ്രസ്ഥാനത്തെ അധമമായ രാഷ്ട്രീയമുതലെടുപ്പിനായി ഒരുകൂട്ടർ അനാവശ്യമായി കടന്നാക്രമിക്കുകയും തേജോവധം ചെയ്യുകയും ചെയ്തതുകൊണ്ടാണ് എന്നാണ്.

വസ്തുത ലവലേശമില്ലാത്ത എന്തെന്തെല്ലാം ദുരാരോപണങ്ങളാണ് എല്ലാ ധാർമ്മികതയും വിറ്റുതിന്ന ഒരുകൂട്ടം രാഷ്ട്രീയക്കാരും ഒരുകൂട്ടം മാദ്ധ്യമങ്ങളും രാഷ്ട്രീയപിണിയാളുകളായി അധഃപതിച്ച ഒരുകൂട്ടം ഉദ്യോഗസ്ഥരും ചേർന്ന ഉപജാപസംഘം അവർക്കെതിരെ നിർദ്ദയം പ്രചരിപ്പിച്ചത്; അന്തസ്സാരശൂന്യരായ ഒരുകൂട്ടം ‘നിരീക്ഷക’വേതാളങ്ങൾ ഇതേപ്പറ്റിയൊന്നും ഒരു കാര്യവും മനസിലാക്കാതെ, അഥവാ, അറിയാമെങ്കിലും മനസിലെ ചാണകക്കുണ്ടിൽ അതെല്ലാം കുഴിച്ചുമൂടി, ആ കെട്ടുകഥകൾക്കു ഭാഷ്യങ്ങൾ ചമച്ചത്!

രണ്ടു പിന്തിരിപ്പൻ പത്രങ്ങൾ മാത്രം വായിച്ച് ആ വിഷബാധയേറ്റ് ആ പക്ഷപാതിത്വത്തിനൊത്ത ധാരണകൾ കരുപ്പിടിപ്പിച്ചിരുന്ന പഴയ കേരളസമൂഹമല്ല ഇന്നുള്ളത്. റ്റി.വി. ചാനലുകൾ പോലും കാണാത്ത, അവയുടെയൊന്നും സ്വാധീനമില്ലാത്ത, അറിവുകൾക്കു മറ്റു വഴികൾ തേടുന്ന യുവതയ്ക്കു പ്രാമുഖ്യമുള്ള, സ്വാധീനതയുള്ള സമൂഹമാണിന്നു കേരളം. മടീശീലക്കാർ ആജ്ഞാപിക്കുന്നതിനൊത്ത് ഊതുന്ന കുഴൽക്കാരുടെ പിന്നാലെ പോകുന്നവരല്ല അവർ.

സത്യാനന്തരകാലത്തു വസ്തുതകൾ ചികഞ്ഞു നേരറിഞ്ഞു ബോദ്ധ്യപ്പെടാൻ കഴിവുള്ളവരാണവർ. ഇന്നത്തെ മുതിർന്നതലമുറകളെക്കാൾ പല കാര്യത്തിലും വിപുലമായ അറിവും കാഴ്ചപ്പാടും ഉള്ളവരാണവർ. അതുകൊണ്ടാണ് മുഖ്യധാരയെന്നു കരുതപ്പെട്ടുവന്ന ചില മാദ്ധ്യമങ്ങൾ ചമയ്ക്കുന്ന നുണവാർത്തകൾ രണ്ടും മൂന്നും മണിക്കൂറിനകം പൊളിഞ്ഞുവീഴുന്നത്. അതു മനസിലാക്കുന്നതുകൊണ്ടണ് ആ മാദ്ധ്യമങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്ന വ്യാജസ്മ്മതികൾക്കെതിരായ ജനസമ്മതി ഉണ്ടാകുന്നത്. മുമ്പത്തെപ്പോലെയല്ല, സത്യാനന്തരകാലത്ത് ആ സത്യം മനസിലാക്കി സത്യം നേരത്തേതന്നെ ചെരിപ്പിട്ടു തയ്യാറായി നില്ക്കുകയാണ്!

ഒരുകാലത്തു സ്വാധീനതയുണ്ടായിരുന്ന മേല്പറഞ്ഞ സമൂഹവിരുദ്ധശക്തികളുടെ സംയുക്തനീക്കത്തിലൂടെ ആരാഷ്ട്രീയത അടിച്ചേല്പിച്ചു ബുദ്ധി മന്ദിപ്പിക്കുകയും ജാതിമതക്കോമരങ്ങൾക്കു കൂട്ടിക്കൊടുക്കപ്പെടുകയും ചെയ്ത ഒരു ഇടക്കാലതലമുറ ഇന്നും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ജാതി-മതവെറിയുടെയും വെറുപ്പിന്റെയും ക്ഷുദ്രാത്മകതീവ്രവാദങ്ങളുടെയുമൊക്കെ ഇരകളും വക്താക്കളുമായി മാറി എന്നതു വസ്തുതയാണ്. നാട്ടുമ്പുറത്തൊക്കെ ആരാധനാലയക്കമ്മിറ്റിയും ജാതിമതക്കമ്മിറ്റിയുമൊക്കെ നടത്താൻ ഇന്നും ചെറുപ്പക്കാരെ കിട്ടുന്നു എന്നതും നേരുതന്നെയാണ്.

എന്നാൽ, ഇന്ന് അതല്ല സ്ഥിതി. സ്വതന്ത്രചിന്തയുടെയും പുരോഗമനസാമൂഹികബോധത്തിന്റെയും ജനാധിപത്യ, മതനിരപേക്ഷ, സമത്വ, സാഹോദര്യ, പാരിസ്ഥിതിക, ലിംഗനൈതിക മൂല്യബോധങ്ങളുടെയും ചൈതന്യം ആവഹിക്കുന്ന യുവത മേൽക്കൈ നേടിക്കൊണ്ടിരിക്കുകയാണ്. അവരെയാണു പ്രളയങ്ങളും പകർച്ചവ്യാധികളുമൊക്കെ വന്നപ്പോൾ നാം കണ്ടത്; ഇക്കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പിൽ കണ്ടത്. ഒരുപതിറ്റാണ്ടിലെയെങ്കിലും കോളെജ്, സർവ്വകലാശാല, ഐ.റ്റി.സി. യൂണിയൻതെരഞ്ഞറുപ്പുകളുടെ ഫലങ്ങൾ നോക്കിയാൽ കാണുന്നത്. സമൂഹമാദ്ധ്യമങ്ങളിലെ ശക്തമായ സാമൂഹികയിടപെടലുകളിൽ കാണുന്നത്.

മാദ്ധ്യമങ്ങൾ മയക്കുമരുന്നു തീറ്റിച്ച തലമുറകൾ ചത്തൊഴിയുകയും അത്തരം വിഷബാധയേല്ക്കാത്ത പുതുതലമുറകൾ വളർന്നുവരികയുമാണ്. ചിന്തിച്ചും അന്വേഷിച്ചും പരീക്ഷിച്ചും പുതിയ അറിവുകൾ തേടാൻ പഠിപ്പിക്കുന്ന പുതിയ വിദ്യാഭ്യാസസങ്കേതങ്ങളിലൂടെ വാർന്നുവീഴുന്ന പുതുതലമുറകളാണ് ഇനിയങ്ങോട്ടു നാടിന്റെ ഭാഗധേയം നിണ്ണയിക്കുക.

ഈ വലിയ സത്യം കാണാൻ കഴിയാത്തതരം യാഥാസ്ഥിതികത്തിമിരവും മടിശീലകളോടും ജനവിരുദ്ധരാഷ്ട്രീയങ്ങളോടുമുള്ള അഭൂതപൂർവ്വമായ വിധേയത്വവും ബാധിച്ച, മുഖ്യധാര എന്നു പറയപ്പെടുന്ന, മാദ്ധ്യമങ്ങൾ ചെന്നു വീഴാൻ പോകുന്ന പതനം എത്ര വലുതാണെന്ന് അതുമായി ബന്ധപ്പെട്ടവർ മനസിലാക്കുന്നില്ല. കരകയറാനാകാത്ത കയത്തിലേക്കാണവർ നിപതിക്കുന്നത്. മൂന്നരക്കോടിയോളം വരുന്ന പ്രായപൂർത്തിയായ കേരളജനതയിൽ ദൃശ്യവാർത്താമാദ്ധ്യമങ്ങളെല്ലാംകൂടി ഓൺലൈനിലല്ലാതെ കാണുന്നവരുടെ എണ്ണം എടുത്താൽ ബോദ്ധ്യമാകാവുന്നതേയുള്ളൂ അത്. ഓൺലൈനിൽ അവ കാണുന്നവർ ഏറെയും പുതുതലമുറയാണ്. അവരിൽ നല്ലപങ്കും അതു നോക്കുന്നത് കാര്യങ്ങൾ അറിയാനല്ല, ഇന്ന് എത്രമാത്രം പ്രതിലോമത പ്രസരിക്കപ്പെട്ടു, അതിന്റെ ആഘാതത്തിൽനിന്നു സമൂഹത്തെ സംരക്ഷിക്കാൻ എത്രയധികം പണിയെടുക്കണം എന്നു നോക്കാൻകൂടിയാണ്.

ഒരുപക്ഷെ, നമ്മുടെ മാധ്യമങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ദുരന്തം അനിവാര്യതയാകാം. സത്യാനന്തരകാലത്ത്, അറിവിന്റെ ജനാധിപത്യവത്ക്കരണചിന്തകൾ ഉയരുന്ന പുതുക്കാലത്ത് ജനാധിപത്യത്തിനു പുതിയ നാലാം‌തൂണ് ഉണ്ടായിവരുമായിരിക്കാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker